
റേഞ്ച് റോവർ ബ്രാൻഡിന് പുതിയ ലോഗോ നല്കി ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ജഗ്വാർ ലാൻഡ് റോവർ (ജെഎല്‍ആർ). ഈ വർഷം അവസാനം ബ്രാൻഡിന്റെ ആദ്യ ഇലക്ട്രിക് മോഡല്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ഇത്.
ബ്രാൻഡിന്റെ വ്യാപാരമുദ്രയായ മിനിമലിസ്റ്റ്, വൈഡ്-സെറ്റ് ഫോണ്ടിലുള്ള രണ്ട് ‘R’ അക്ഷരങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ലോഗോ. 1970-ല്‍ ആദ്യ മോഡല്‍ പുറത്തിറങ്ങിയതിന് ശേഷം റേഞ്ച് റോവറിനായി രൂപകല്പന ചെയ്യുന്ന ലോഗോ എന്ന പ്രത്യേകതയും ഇതിനുണ്ട്.
എന്നാല്‍, എസ്യുവികളുടെ മുൻവശത്തും പിൻവശത്തും നിലവില്‍ കാണുന്ന ഐക്കണിക് ‘ Range Rover’ ബാഡ്ജിങിന് പകരമായി പുതിയ ലോഗോ വരില്ലെന്നാണ് ജെഎല്‍ആർ അറിയിക്കുന്നത്.
ലേബലുകളിലോ ഇവൻ്റ് സ്ഥലങ്ങളിലോ റേഞ്ച് റോവർ മാർക്കിനായുള്ള ഒരു ചെറിയ ചിഹ്നമായാണ് ഇത് വികസിപ്പിച്ചെടുത്തതെന്നാണ് കമ്ബനി പറയുന്നത്. കമ്പനിയുടെ ‘ഹൗസ് ഓഫ് ബ്രാൻഡ്സ്’ തന്ത്രത്തിന്റെ ഭാഗമായി, ജാഗ്വാർ, ഡിസ്കവറി, ഡിഫൻഡർ എന്നിവയ്ക്കൊപ്പം ജെഎല്‍ആറിന്റെ നാല് ഉപ-ബ്രാൻഡുകളില്‍ ഒന്നായി റേഞ്ച് റോവറിനെ വേർതിരിച്ചിട്ടുണ്ട്.
ഇവ ഓരോന്നിനും അതിന്റേതായ ബ്രാൻഡിങ്, സ്ഥാനം, വിപണന തന്ത്രങ്ങള്‍ എന്നിവയുണ്ട്.
ഈ തന്ത്രത്തിന്റെ ഭാഗമായി, ലാൻഡ് റോവർ എന്ന പേര് ഒരു ‘ട്രസ്റ്റ് മാർക്ക്’ എന്ന പുതിയ പങ്ക് ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു.
അതായത്, കമ്ബനിയുടെ എസ്യുവികളിലെ ഡ്രൈവ്ട്രെയിനുകളെയും സാങ്കേതികവിദ്യയെയും പരാമർശിക്കാൻ ഇത് തുടർന്നും ഉപയോഗിക്കുമെങ്കിലും, മാതൃ ബ്രാൻഡ് എന്ന നിലയില്‍ ഇത് ഇനി പരസ്യമായി അവതരിപ്പിക്കില്ല.
ജെഎല്‍ആറിന്റെ പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമായി ലാൻഡ് റോവർ തുടരുമെന്നും ആ പേര് കാറുകളില്‍ തുടർന്നും ഇടംപിടിക്കുമെന്നും സിഇഒ അഡ്രിയാൻ മർഡെല് പറഞ്ഞു.
അതേസമയം, പുതിയ ലോഗോ എവിടെ ഉപയോഗിക്കുമെന്നത് വ്യക്തമല്ല. മറ്റ് ലാൻഡ് റോവർ മോഡലുകളില്‍നിന്ന് റേഞ്ച് റോവറിനെ വേർതിരിച്ചറിയാൻ ഇത് ഗ്രില്ലിലും ഇന്റീരിയർ അപ്ഹോള്‍സ്റ്ററിയിലും ഇടംപിടിക്കാനാണ് സാധ്യത.
ആദ്യ ഇലക്ട്രിക് വാഹനത്തില്‍ ഈ ലോഗോ ആയിരിക്കുമോ ഉണ്ടാവുക എന്നതും കാത്തിരുന്നു കാണണം.