
ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ആക്ഷന്‍ ചിത്രം കൂലി ആദ്യത്തെ 15 ദിവസത്തിനുള്ളില്‍ തിയേറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത് 269.81 കോടി രൂപ. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരുമാനമാണിത്.
തമിഴ്‌നാട്ടിലും ആന്ധ്രയിലുമാണ് ടിക്കറ്റ് വില്‍പ്പന കൂടുതല്‍. പ്രശസ്ത സംവിധായകന്‍ ലോകേഷ് കനകരാജുമായി രജനീകാന്ത് ഒന്നിക്കുന്ന ആദ്യ ചിത്രത്തിന് മികച്ച റിവ്യുകൂടി ലഭിച്ചതോടെ ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റാവുകയായിരുന്നു.
ഈ മാസം 14 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. രജനിക്കൊപ്പം വന്‍ താരനിര തന്നെ അഭിനയിക്കുന്ന സിനിമക്ക് ആദ്യ ദിനത്തില്‍ ലഭിച്ചത് 65 കോടി രൂപയുടെ കളക്ഷനാണ്. ഒന്നാം വാരം പിന്നിട്ടതോടെ 229.65 കോടി രൂപയായി ഉയര്‍ന്നു.
രജനീകാന്ത് നായകനായ ചിത്രത്തില്‍ നാഗാര്‍ജുന, ശ്രുതി ഹാസന്‍, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ താരനിരയുണ്ട്. ബോളിവുഡ് താരം അമീര്‍ ഖാനും ചെറിയ റോളില്‍ എത്തുന്നുണ്ട്.
രണ്ടാം വാരത്തിലേക്ക് കടന്ന ചിത്രത്തിന്റെ കളക്ഷനില്‍ കുറവു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍, ആദ്യ വാരത്തില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കളക്ഷന്‍ കൂടിയതെങ്കില്‍ പിന്നീട് ആന്ധ്രയിലാണ് പ്രേക്ഷകര്‍ കൂടുതല്‍ വരവേറ്റത്. ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങള്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്.
കൂലിയുടെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കിയത് 120 കോടി രൂപക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് സിനിമയിലെ ഏറ്റവും ഉയര്‍ന്ന ഒ.ടി.ടി നിരക്കാണിത്. ഒ.ടി.ടി റിലീസിംഗ് ദിവസം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആറാഴ്ചക്ക് ശേഷം ഉണ്ടാകുമെന്നാണ് സുചന.