
കൊച്ചി: സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെയിലും കേന്ദ്ര സർക്കാരിന്റെ കീശ നിറച്ച് പൊതുമേഖല സ്ഥാപനങ്ങള്‍. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 52 കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ ചേർന്ന് 82,995 കോടി രൂപയാണ് സർക്കാരിന് ലാഭവിഹിതമായി നല്‍കിയത്.
മുൻവർഷത്തേക്കാള്‍ ലാഭവിഹിതത്തില്‍ നേരിയ കുറവുണ്ടായെങ്കിലും പൊതുമേഖല കമ്പനികളുടെ അറ്റാദായം ഗണ്യമായി മെച്ചപ്പെട്ടു. പൊതുമേഖല കമ്പനികള്‍ 1.33 ലക്ഷം കോടി രൂപയാണ് മൊത്തം ഓഹരി ഉടമകള്‍ക്കുമായി ലാഭവിഹിതമായി പ്രഖ്യാപിച്ചത്.
ഇതില്‍ 62 ശതമാനവും മുഖ്യ ഓഹരി ഉടമയായ കേന്ദ്ര സർക്കാരിനാണ് ലഭിച്ചത്. ഓഹരി വിപണിയില്‍ ലിസ്‌റ്റ് ചെയ്ത 52 പൊതുമേഖല സ്ഥാപനങ്ങള്‍ ചേർന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 4.32 ലക്ഷം കോടി രൂപയുടെ അറ്റാദായമാണ് നേടിയത്.
മുൻവർഷം മൊത്തം അറ്റാദായം 4.2 ലക്ഷം കോടി രൂപയായിരുന്നു. ഇന്ത്യൻ ഓയില്‍, ബി.പി.സി.എല്‍, പവർ ഗ്രിഡ് തുടങ്ങിയ 15 പൊതുമേഖല സ്ഥാപനങ്ങള്‍ മുൻവർഷത്തേക്കാള്‍ കുറഞ്ഞ ലാഭവിഹിതമാണ് ഇത്തവണ പ്രഖ്യാപിച്ചത്.
മികവോടെ പൊതുമേഖല ബാങ്കുകള്‍
കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ മുൻനിര പൊതുമേഖല ബാങ്കുകള്‍ മൊത്തം 34,995 കോടി രൂപയുടെ ലാഭവിഹിതമാണ് ഓഹരി ഉടമകള്‍ക്കായി പ്രഖ്യാപിച്ചത്.
ഇതിന്റെ 65 ശതമാനം തുകയായ 22,775 കോടി രൂപ കേന്ദ്ര ഖജനാവിലെത്തി. മുൻവർഷം പൊതുമേഖല ബാങ്കുകള്‍ 18,092 കോടി രൂപയാണ് സർക്കാരിന് ലാഭവിഹിതം നല്‍കിയത്.
പൊതുമേഖലയുടെ കരുത്ത്
- സ്വകാര്യ കമ്പനികളുമായി മത്സരിക്കാൻ കഴിയുന്ന വിധത്തില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പ്രൊഫഷണല്‍ മാനേജ്‌മെന്റ് ഉറപ്പാക്കി
- പ്രവർത്തനം വിപുലീകരിക്കാനും പുതിയ അവസരങ്ങള്‍ കണ്ടെത്താനും അനുകൂലമായ സാഹചര്യങ്ങള്‍ ഒരുങ്ങിയതോടെ ലാഭക്ഷമത കൂടി
- ഓഹരി വിപണിയില്‍ ലിസ്‌റ്റ് ചെയ്ത പൊതുമേഖല കമ്പനികളുടെ പ്രവർത്തനം സുതാര്യമായതിനൊപ്പം ലാഭക്ഷമത കൂട്ടാൻ ഓഹരി ഉടമകളുടെ സമ്മർദ്ദമേറി
- ലയന നടപടികളും റിസർവ് ബാങ്കിന്റെ ധന നയവും പലിശ ഇതര വരുമാനത്തിലെ വർദ്ധനയും പൊതുമേഖല ബാങ്കുകളുടെ ലാഭം ഉയർത്തി
എണ്ണക്കമ്പനികള്‍ക്ക് ക്ഷീണം
പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭക്ഷമതയിലെ ഇടിവാണ് കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാരിന്റെ ലാഭവിഹിതത്തില്‍ നേരിയ കുറവുണ്ടാകാൻ കാരണം.
ഐ.ഒ.സിയുടെ ലാഭവിഹിതം 75 ശതമാനം കുറഞ്ഞ് 2,182 കോടി രൂപയായി. ബി.പി.സി.എല്ലിന്റെ ലാഭവിഹിതം 53 ശതമാനം കുറഞ്ഞ് 2,264 കോടി രൂപയിലെത്തി.
കോള്‍ ഇന്ത്യ നല്‍കിയ ലാഭവിഹിതം 10,300 കോടി രൂപ
ഒ.എൻ.ജി.സി : 9,075 കോടി രൂപ
എസ്.ബി.ഐ: 8,150 കോടി രൂപ
എല്‍.ഐ.സി: 7,324 കോടി രൂപ
എൻ.ടി.പി.സി: 4,137 കോടി രൂപ