നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ലാഭവിഹിതം വാരിക്കോരി നൽകാൻ പൊതുമേഖലാ കമ്പനികൾ

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ഈ വർഷവും കേന്ദ്രത്തെ കാത്തിരിക്കുന്നത് പ്രതീക്ഷകളെ മറികടക്കുന്ന ലാഭവിഹിതം. തുടർച്ചയായ രണ്ടാംവർഷവും ലാഭവിഹിതം 60,000 കോടി രൂപ ഭേദിക്കുമെന്നാണ് വിലയിരുത്തലുകൾ.

കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) 50,000 കോടി രൂപ പ്രതീക്ഷിച്ചയിടത്ത് 62,929.27 കോടി രൂപ ലഭിച്ചിരുന്നു. നടപ്പുവർഷത്തെ പ്രതീക്ഷ 56,000 കോടി രൂപയാണ്. എന്നാൽ, ഇതും 60,000 കോടിക്ക് മുകളിൽ എത്തിയേക്കും. ഇതിനകം തന്നെ ഈ വർഷം കേന്ദ്രം 48,000 കോടി രൂപ നേടിക്കഴിഞ്ഞു.

നടപ്പുവർഷത്തെ ആദ്യ രണ്ടുപാദങ്ങളിൽ (ഏപ്രിൽ-ജൂൺ, ജൂലൈ-സെപ്റ്റംബർ) പൊതുവേ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ മികച്ച പ്രവർത്തനഫലമാണ് പുറത്തുവിട്ടത്. എണ്ണ, കൽക്കരി, ഊർജ മേഖലകളിലെ സ്ഥാപനങ്ങൾ കൂടുതൽ മികവ് കാട്ടിയിട്ടുമുണ്ട്. ഈ കമ്പനികളിൽ നിന്നാണ് നടപ്പുവർഷവും കൂടുതൽ ലാഭവിഹിത പ്രതീക്ഷ.

എണ്ണക്കമ്പനികളുടെ കയറ്റുമതിനേട്ട നികുതി (വിൻഡ്ഫോൾ ടാക്സ്) കേന്ദ്രം അടുത്തിടെ നിർത്തലാക്കിയിരുന്നു. ഇതും കമ്പനികളുടെ പ്രവർത്തനഫലം കൂടുതൽ മികച്ചതാകാൻ സഹായിക്കുമെന്ന് കരുതുന്നതായി ദ് ഹിന്ദു ബിസിനസ്‍ലൈനിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേന്ദ്രത്തിന് ഇതും ഉയർന്ന ലാഭവിഹിതത്തിനുള്ള വഴിതുറന്നേക്കും. ഓരോ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും നികുതിക്കുശേഷമുള്ള ലാഭത്തിന്റെ (PAT) 30% അല്ലെങ്കിൽ അറ്റമൂല്യത്തിന്റെ (net worth) 4% ലാഭവിഹിതമായി നൽകണമെന്നാണ് കഴിഞ്ഞമാസം പുതുക്കിയ ലാഭവിഹിത നയത്തിലൂടെ കേന്ദ്രം വ്യക്തമാക്കിയത്. ലാഭം, അറ്റമൂല്യം ഇതിൽ ഏതാണോ വലുത് അതിന്റെ പങ്കാണ് കേന്ദ്രത്തിന് നൽകേണ്ടത്.

പൊതുമേഖലയും കേന്ദ്രവും
2022-23ൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് കേന്ദ്രത്തിന് കിട്ടിയ ലാഭവിഹിതം 59,952.84 കോടി രൂപയായിരുന്നു. ഒഎൻജിസി, കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ ഏയറോനോട്ടിക്സ്, ഗെയിൽ തുടങ്ങിയവയാണ് ലാഭവിഹിതം നൽകുന്നതിൽ മുന്നിട്ടുനിൽക്കുന്ന കമ്പനികൾ.

രാജ്യത്ത് 272 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുള്ളതിൽ 212 എണ്ണമാണ് 2023-24ലെ കണക്കുപ്രകാരം ലാഭം രേഖപ്പെടുത്തിയത്. 3.43 ലക്ഷം കോടി രൂപയായിരുന്നു സംയോജിതമായുള്ള ലാഭം. 2022-23ലെ 2.18 ലക്ഷം കോടി രൂപയേക്കാൾ 48% അധികം.

കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) പൊതുമേഖലാ സ്ഥാപനങ്ങൾ ആകെ 1.23 ലക്ഷം കോടി രൂപയാണ് ലാഭവിഹിതമായി പ്രഖ്യാപിച്ചത്. ഇത് കേന്ദ്രത്തിന് പുറമേ പൊതു ഓഹരി ഉടമകൾക്ക് കൂടിയുള്ളതാണ്. ഇതിൽ നിന്നാണ് കേന്ദ്രത്തിന് 63,000 കോടിയോളം രൂപ ലഭിച്ചത്. 2022-23ൽ ലാഭവിഹിത പ്രഖ്യാപനം 1.05 ലക്ഷം കോടി രൂപയായിരുന്നു.

66 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ളതെന്നതിനാൽ, ഇവയിൽ നിന്നുള്ള ലാഭവിഹിതം മാത്രമാണ് പൊതു ഓഹരി നിക്ഷേപകർക്കും ലഭിക്കുക.

മറ്റ് 150ലേറെ കമ്പനികളിൽ നിന്നുള്ള ലാഭവിഹിതം പൂർണമായി നേടുന്നത് കേന്ദ്രസർക്കാരാണ്.

X
Top