
ന്യൂഡൽഹി: ഇന്ത്യൻ ബാങ്കിങ് രംഗത്ത് ലയനനീക്കം വീണ്ടും സജീവമാകുകയാണ്. 2047ൽ ഇന്ത്യ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേയ്ക്കെത്തുമ്പോൾ ആഗോള തലത്തിൽ മുന്‍പന്തിയിലുള്ള ആദ്യ 20 ബാങ്കുകളിൽ രണ്ടെണ്ണം ഇന്ത്യയിൽ നിന്നാകണമെന്ന ലക്ഷ്യത്തിലേയ്ക്കുള്ള ചുവടുവയ്പ്പാണ് ഇപ്പോൾ സജീവമാകുന്നത്.
മോദി സർക്കാർ ആദ്യം അധികാരമേൽക്കുമ്പോൾ 20 ലേറെ ദേശസാൽകൃത ബാങ്കുകൾ ഇന്ത്യയിലുണ്ടായിരുന്നു. 2017ലും 2020ലുമായി നടന്ന രണ്ട് ലയന നടപടികളിലൂടെ അവയുടെ എണ്ണം 12 എണ്ണമായി ചുരുങ്ങി. പുതിയ ലയനനീക്കത്തിലൂടെ ഈ 12 ബാങ്കുകൾ ചുരുങ്ങി ഇനി 3 ആകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച ധനമന്ത്രാലയത്തിന്റെ നിർദേശം ഈ സാമ്പത്തിക വർഷം തന്നെ നടപ്പാക്കാൻ നടപടികൾ തുടങ്ങുമെന്ന് അറിയുന്നു.
വരുന്നത് വമ്പൻ ബാങ്കുകൾ
ബാങ്കുകളെ സംയോജിപ്പിച്ച് അവയുടെ വലുപ്പവും ആഗോളമത്സരക്ഷമതയും മെച്ചപ്പെടുത്തി, ലോകത്തെ ആദ്യ 20 മുൻനിര ബാങ്കുകളുടെ ഗണത്തിലേക്ക് ഇന്ത്യയിലെ രണ്ടു പൊതുമേഖലാ ബാങ്കുകളെയെങ്കിലും കൊണ്ടുവരണമെന്ന നിർദേശമാണ് ഈ നീക്കത്തിനു പിന്നിൽ. എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിലേക്കു മറ്റു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുമെന്നാണു റിപ്പോർട്ടുകൾ.
ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐയിൽ ലയിപ്പിച്ചേക്കും. ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ പഞ്ചാബ് നാഷനൽ ബാങ്കിനോടും യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കനറാ ബാങ്കിനോടും ലയിപ്പിക്കാനാണ് ആലോചിക്കുന്നത്.
ഇതോടെ വമ്പൻ പദ്ധതികൾക്ക് ഉൾപ്പെടെ വായ്പ നൽകാനും മറ്റും ഈ 3 ബാങ്കുകൾക്കും കഴിയും. ബാങ്ക് ആസ്തിയിൽ ലോകത്തെ പ്രമുഖ 50 ബാങ്കുകളുടെ പട്ടികയിൽ 43-ാം സ്ഥാനമാണ് എസ്ബിഐക്കുള്ളത്. ഈ വിഭാഗത്തിൽ ആദ്യ 4 ബാങ്കുകളും ചൈനയുടേതാണ്.
2017ൽ ആണു ബാങ്കുകളുടെ ലയനം ആദ്യം നടപ്പാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉൾപ്പടെയുള്ള സ്റ്റേറ്റ് ബാങ്ക് സബിസിഡിയറികളും, മഹിളാ ബാങ്കും അന്ന് എസ്ബിഐയില്‍ ലയിച്ചു. 2020ൽ ബാങ്കുകളുടെ ലയനത്തിലൂടെ 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുക്കി.
അന്ന് ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ചു. കനറാ ബാങ്കിൽ സിൻഡിക്കേറ്റ് ബാങ്ക് ലയിച്ചതിനു പുറമേ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും ലയിച്ചിരുന്നു. അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലാണ് ലയിച്ചത്. ഇനിയും അതു മൂന്നാക്കാനാണ് നീക്കം.