വിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍

കേരളം വിടാനൊരുങ്ങി സ്വകാര്യ ഷിപ്പിങ് കമ്പനി

കൊച്ചി: കേരളത്തിൽ ചരക്കുകപ്പൽ ഓടിക്കാൻ സന്നദ്ധത അറിയിച്ച്, ഒക്ടോബർ 25ന് മുൻപായി നിർമാണം പൂർത്തിയാക്കുന്ന സ്വകാര്യ ഷിപ്പിങ് കമ്പനിയുടെ ചരക്കുകപ്പൽ അനുബന്ധ സൗകര്യങ്ങളുടെ പോരായ്മ മൂലം കേരളം വിടാൻ സാധ്യത.

സ്വന്തമായി കപ്പൽ നിർമിച്ചു ചരക്കു ഗതാഗതം പ്രോത്സാഹിപ്പിക്കാൻ സർക്കാർ തന്നെ ആലോചിക്കുന്നതിനിടെയാണ് കൊച്ചി ആസ്ഥാനമായ ലോട്ട്സ് ഷിപ്പിങ് ലിമിറ്റഡ് ജലമാർഗമുള്ള ചരക്കു ഗതാഗതത്തിന് അനുമതി തേടി സർക്കാരിനെ സമീപിച്ചത്.

61.98 മീറ്റർ വലുപ്പമുള്ള 12.50 മീറ്റർ വീതിയുള്ള ടൈപ്പ് 4 ചരക്കു കപ്പലിന്റെ നിർമാണം ഗോവയിലെ ഡെംപോ ഷിപ് ബിൽഡിങ് ആൻഡ് എൻജിനീയറിങ് കമ്പനിയിൽ പൂർത്തിയായി.

‘എംവി ബേപ്പൂർ സുൽ‌ത്താൻ’ എന്നു പേരിട്ട കപ്പൽ 25ന് പരീക്ഷണ ഓട്ടം നടത്താനായി നീറ്റിലിറങ്ങും. ചെറുകിട തുറമുഖങ്ങളിലെ അനുബന്ധ സൗകര്യങ്ങൾ പൂർണമായും സജ്ജമാകാതെ കപ്പൽ സർവീസ് നടത്തുക ബുദ്ധിമുട്ടാകും.

ആഴക്കുറവു കാരണം കണ്ടെയ്നറുകൾ അടങ്ങിയ കപ്പൽ നേരിട്ടു കയറാനാവാതെ വേലിയേറ്റത്തിനായി കാത്തുകിടക്കേണ്ട സാഹചര്യം വരുത്തുന്ന നഷ്ടമാണു പല കപ്പൽ കമ്പനികളും സർവീസ് നിർത്തിപ്പോകുന്നതിലേക്കു നയിക്കുന്നത്.

ഈ സാഹചര്യം മാറിയാലേ പുതിയ കപ്പലിന് സുഗമമായി സർവീസ് നടത്താനാകൂ എന്ന് ലോട്ട്സ് ഷിപ്പിങ് ലിമിറ്റഡ് ജനറൽ മാനേജർ എം.കെ.സന്തോഷ് പറഞ്ഞു. പോർട്ട് പരിസരത്ത് ആഴം കൂട്ടുക, 24 മണിക്കൂറും പ്രവർത്തിക്കുന്ന വിധം പോർട്ട് സജ്ജമാക്കുക തുടങ്ങിയവ കാര്യങ്ങളിൽ ഉറപ്പു ലഭിച്ചാൽ ചരക്ക് ഇറക്കി വേഗത്തിൽ മടങ്ങാമെന്നതു നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കപ്പലിനായി തുറമുഖങ്ങളിൽ 7 മീറ്ററോളം ആഴം കൂട്ടണമെന്നാണ് ആവശ്യം. അത് കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നിവിടങ്ങളിൽ അടിയന്തരമായി നടക്കുമോ എന്നതു സംശയമാണ്.

നിർമാണം പൂർത്തിയായെത്തുന്ന കപ്പൽ നിർത്തിയിടുന്നതു കമ്പനിക്കു വലിയ നഷ്ടമായിരിക്കും. അടുത്ത രണ്ടാഴ്ചയ്ക്കകം തുറമുഖങ്ങളിലെ ആഴംകൂട്ടൽ എളുപ്പമാകില്ല. അങ്ങനെയെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിലേക്കു പോകാൻ ഇവർ നിർബന്ധിതരാകുമെന്നാണു സൂചന.

കേരളത്തിൽ ജലമാർഗം ചരക്കെത്തിക്കാൻ കപ്പലിന് അനുമതി തേടി സർക്കാരിനെ സമീപിച്ചെങ്കിലും ഷിപ്പിങ് കമ്പനിക്ക് മറുപടി ലഭിച്ചിട്ടില്ല. മാത്രമല്ല, കോട്ടപ്പുറം കൊല്ലം ജലപാതയിൽ ബാർജുകൾ ഓടിച്ച വകയിൽ കമ്പനിക്കു സർക്കാരിൽ നിന്ന് ഇൻസന്റീവ് ഇനത്തിൽ ലഭിക്കാനുള്ള 75 ലക്ഷം രൂപയ്ക്ക് അപേക്ഷ നൽകിയതിനും മറുപടിയില്ല.

X
Top