
തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്ക് പ്രാധാന്യംനൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ്. കേരളം ഒരു വയോജന സൗഹൃദ സംസ്ഥാനമായി മാറുന്നു എന്ന പ്രഖ്യാപനത്തോടെ, പ്രത്യേക ‘വയോജന ബജറ്റ്’ രേഖയും ബജറ്റിനൊപ്പം ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചു.
മുതിർന്ന പൗരന്മാർക്കുള്ള സാമൂഹ്യസുരക്ഷാ പെൻഷനുകൾ, ക്ഷേമനിധി ബോർഡ് പെൻഷനുകൾ എന്നിവ പ്രതിമാസം 2000 രൂപയായി വർധിപ്പിച്ചു. മുൻപുണ്ടായിരുന്ന 1600 രൂപയിൽനിന്നാണ് ഈ വർധനവ്. 2025 നവംബർ മുതൽ തന്നെ ഈ പെൻഷൻ വിതരണം തുടങ്ങിയിട്ടുണ്ട്.
2026-27 വർഷത്തിൽ ക്ഷേമ പെൻഷൻ നൽകുന്നതിനായി മാത്രം 14,500 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. നിലവിൽ 62 ലക്ഷം പേർക്ക് ഈ പെൻഷൻ തുക ലഭ്യമാകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ, കാൻസർ, കുഷ്ഠം, ക്ഷയം, എയ്ഡ്സ് ബാധിതർക്കുള്ള പെൻഷനും 2000 രൂപയായി ഉയർത്തിയിട്ടുണ്ട്.
വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ബജറ്റിൽ പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട 60 വയസ്സിന് മുകളിലുള്ളവർക്ക് ന്യൂമോണിയ പ്രതിരോധിക്കുന്നതിനായി സൗജന്യ വാക്സിനേഷൻ പദ്ധതി നടപ്പിലാക്കും. ഇതിനായി 50 കോടി രൂപ നീക്കിവെച്ചതായി മന്ത്രി അറിയിച്ചു.
താലൂക്ക് തലത്തിലുള്ള ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കും. ഇത് നടപ്പിലാകുന്നതോടെ ഇന്ത്യയിൽ ഈ സൗകര്യമുള്ള ആദ്യ സംസ്ഥാനമായി കേരളം മാറും. വയോമിത്രം പദ്ധതിക്കായി 27.50 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന മുതിർന്ന പൗരന്മാർക്ക് ഒരുമിച്ച് താമസിക്കാൻ കഴിയുന്ന വിധത്തിലുള്ള റിട്ടയർമെന്റ് ഹോമുകൾ സജ്ജമാക്കുന്നതിന് സർക്കാർ മുൻകൈ എടുക്കും. കമ്മ്യൂണിറ്റി കിച്ചൺ, ആരോഗ്യ പരിപാലന സംവിധാനങ്ങൾ എന്നിവയോടുകൂടിയ ഇത്തരം ഹോമുകൾ ആരംഭിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും സർക്കാർ സബ്‌സിഡി നൽകും.
ഇതിനായി 30 കോടി രൂപ വകയിരുത്തി. കൂടാതെ, ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങളെ സഹായിക്കാൻ പ്രാദേശിക തലത്തിൽ സന്നദ്ധ വോളന്റിയർമാരുടെ സേന രൂപവത്കരിക്കും. ഇവർക്ക് പ്രത്യേക ടെലിഫോൺ നമ്പറുകൾ നൽകുമെന്നും ഇതിനായി പത്തുകോടി രൂപ നീക്കിവെച്ചതായും മന്ത്രി അറിയിച്ചു.
മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങൾ ഗൗരവത്തോടെ കൈകാര്യംചെയ്യുന്നതിനായി രാജ്യത്ത് ആദ്യമായി വയോജന കമ്മീഷൻ രൂപീകരിച്ച സംസ്ഥാനമാണ് കേരളം. കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ അനുവദിച്ചു. വിരമിച്ചതിനുശേഷവും മുതിർന്ന പൗരന്മാരുടെ അറിവുകൾ പ്രയോജനപ്പെടുത്തുന്നതിനായി ‘ന്യൂ ഇന്നിങ്സ്’ എന്ന പേരിൽ സ്റ്റാർട്ടപ്പ് മിഷൻ വഴി പുതിയ പദ്ധതി ആരംഭിക്കും. ഇതിലൂടെ വയോജനങ്ങളെ സംരംഭകരായും മെന്റർമാരായും മാറ്റാൻ ലക്ഷ്യമിടുന്നു.
സഹകരണ മേഖലയിൽ വയോജന പരിപാലനത്തിനായി പ്രത്യേക സെന്ററുകൾ തുടങ്ങാൻ 21.40 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
സർക്കാർ സർവീസിൽനിന്ന് വിരമിച്ചവർക്കായി അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കും. ഇത് അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പുനൽകുന്നു. പത്രപ്രവർത്തക പെൻഷനിൽ പ്രതിമാസം 1500 രൂപയുടെ വർധനവും വരുത്തിയിട്ടുണ്ട്.
വയോജനങ്ങളുടെ സംരക്ഷണം മുൻനിർത്തി തദ്ദേശ സ്ഥാപനങ്ങൾ വഴി ‘സായംപ്രഭ ഹോമുകൾ’ വിപുലീകരിക്കുന്നതിനായി 14 കോടി രൂപയും ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്.






