
ന്യൂഡൽഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) പദ്ധതിക്കുള്ള ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചു. കനത്ത പ്രതിഷേധങ്ങൾക്കിടെ വിബി–ജി റാം ജി ബിൽ ലോക്സഭയും രാജ്യസഭയും പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണു ബിൽ രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നത്.
ലോക്‌സഭയില്‍ പ്രതിപക്ഷം ബിൽ കീറിയെറിഞ്ഞിരുന്നു. വിബി–ജി റാം ജി ബില്ല് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്കോ, സംയുക്ത പാര്‍ലമെന്ററി സമിതിക്കോ വിടണമെന്നായിരുന്നു കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആവശ്യം. എന്നാല്‍ ബില്‍ പാസാക്കുകയായിരുന്നു.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഇത് തള്ളി ശബ്ദവോട്ടോടെ ബിൽ രാജ്യസഭയും പാസാക്കിയിരുന്നു. പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.






