
ന്യൂഡൽഹി: 2025-26 സാമ്പത്തിക വര്‍ഷം പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് (പിഎംയുവൈ) കീഴില്‍ 25 ലക്ഷം അധിക എല്‍പിജി കണക്ഷനുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.
അടുക്കളകളെ പരിവര്‍ത്തനപ്പെടുത്തുകയും ആരോഗ്യം സംരക്ഷിക്കുകയും കുടുംബങ്ങളുടെ ഭാവി പ്രകാശപൂരിതമാക്കുകയും ചെയ്ത രാജ്യത്തെ ഏറ്റവും സ്വാധീനമേറിയ സാമൂഹ്യക്ഷേമ പദ്ധതികളിലൊന്നായി ഉജ്വല യോജന മാറിയെന്ന് കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രി ശ്രീ. ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
ഈ വിപുലീകരണത്തോടെ പിഎംയുവൈ കണക്ഷനുകളുടെ ആകെ എണ്ണം 10.58 കോടിയായി ഉയരും. എല്‍പിജി കണക്ഷനുകള്‍ക്കായി 676 കോടി രൂപ വകയിരുത്താന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി.
25 ലക്ഷം സൗജന്യ കണക്ഷനുകള്‍ നല്‍കാന്‍ ഒരു കണക്ഷന് 2,050 രൂപ നിരക്കില്‍ 512.5 കോടി രൂപയും 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് 300 രൂപ നിരക്കില്‍ സബ്‌സിഡി നല്‍കുന്നതിന് (ഒരു വര്‍ഷം പരമാവധി ഒന്‍പത് റീഫില്ലുകള്‍ വരെ) 160 കോടി രൂപയും ഇതിലുള്‍പ്പെടുന്നു.
പദ്ധതിനിര്‍വഹണം, ഇടപാടുകളുടെയും എസ്എംഎസുകളുടെയും ചാര്‍ജുകള്‍, വിവരവിനിമയ ബോധവല്‍ക്കരണ (ഐഇസി) പ്രവര്‍ത്തനങ്ങള്‍, ഭരണപരമായ മറ്റ് ചെലവുകള്‍ എന്നിവയ്ക്ക് 3.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴില്‍ ഗുണഭോക്താക്കള്‍ക്ക് ഒരു സിലിണ്ടര്‍, പ്രഷര്‍ റെഗുലേറ്റര്‍, സുരക്ഷാ ഹോസ്, ആഭ്യന്തര പാചകവാതക ഉപഭോക്തൃ കാര്‍ഡ് (ഡിജിസിസി) ബുക്ക്‌ലെറ്റ്, എല്‍പിജി കണക്ഷന്‍ സ്ഥാപിക്കുന്നതിന്റെ ചാര്‍ജുകള്‍ എന്നിവയടക്കം ഡെപ്പോസിറ്റ് ഇല്ലാതെ പാചകവാതക കണക്ഷന്‍ ലഭിക്കും.
ഉജ്വല 2.0 പ്രകാരം ആദ്യ റീഫില്ലും സ്റ്റൗവും സൗജന്യമായി ലഭിക്കും.






