
ഒരു ഗോള്‍ കീപ്പറായി അറിയപ്പെടണമെങ്കില്‍ ഒന്നുകില്‍ നിങ്ങള്‍ അതീവ പ്രാഗല്‍ഭ്യം ഉള്ള ഒരാളായിരിക്കണം, അതല്ലെങ്കില്‍ തുടരെ മണ്ടത്തരങ്ങള്‍ കാട്ടുന്ന ഒരാളായിരിക്കണം. ഇതിനിടയില്‍ നില്‍ക്കുന്ന ഒരു ഗോള്‍ കീപ്പറെ ലോകം ഓര്‍ത്തിരിക്കാനുള്ള സാദ്ധ്യതകള്‍ പരിമിതമാണ്. ധ്യാന്‍ചന്ദിന് ശേഷം ഹോക്കി ആരാധകര്‍ ഇത്ര മാത്രം നെഞ്ചിലേറ്റിയ ഒരു താരം വേറെ ഉണ്ടാകുമോ എന്ന് സംശയമാണ്. എന്തായാലും കേരളത്തില്‍ ഹോക്കി എന്നാല്‍ പി ആര്‍ ശ്രീജേഷ് ആണ്.
2020 ടോക്കിയോ ഒളിമ്പിക്‌സ്, 2024 പാരീസ് ഒളിമ്പിക്‌സ് എന്നിവയിലെ വെങ്കല മെഡല്‍ എന്നിവ ഇന്ത്യക്കു സമ്മാനിച്ച കിഴക്കമ്പലത്തുകാരന്‍ ശ്രീജേഷിന് ഇന്ത്യ പകരം നല്‍കിയത് വീരപരിവേഷവും, ജനകോടികളുടെ ഹൃദയങ്ങളിലുള്ള സ്ഥാനമാണ്. 1988 ല്‍ കിഴക്കമ്പലത്തു ജനിച്ച്, തിരുവനന്തപുരം ജി വി രാജ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ശ്രീജേഷ് തന്റെ പതിനാറാം വയസ്സില്‍ നാഷണല്‍ ജൂനിയര്‍ ടീമിലും പതിനെട്ടാം വയസ്സില്‍ സീനിയര്‍ ടീമിലും സ്ഥാനം പിടിച്ചു. ശ്രീജേഷിന് കരിയറിന്റെ തുടക്കത്തില്‍ ഗോള്‍ കീപ്പര്‍ സ്ഥാനത്തിനായി കഠിനയത്നം നടത്തേണ്ടി വന്നിരുന്നു. 2011 ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ ഷൂട്ട് ഔട്ടില്‍ പാകിസ്താനെതിരെ നടത്തിയ മിന്നും പ്രകടനത്തിനു ശേഷം ശ്രീജേഷിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡലും, വെങ്കലവും, കോമണ്‍ വെല്‍ത് ഗെയിംസ് മെഡലും ഒക്കെ നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പറായി ശ്രീജേഷ് മാറി. കരിയറിലെ രണ്ടു പൊന്‍ തൂവലുകളായി ഒളിമ്പിക്‌സ് മെഡലുകളും കൂടി ആയപ്പോള്‍ ശ്രീജേഷ് എന്ന മലയാളി ലോകത്തിലെ തന്നെ മികച്ച ഗോള്‍ കീപ്പറുടെ സിംഹാസനത്തിലേക്കു കയറി ഇരുന്നിരുന്നു. ഗോളടിച്ച് കളി ജയിപ്പിക്കുന്ന സ്ട്രൈക്കര്‍മാരുടെ ലോകത്തു നിന്നും ഗോള്‍ വല കാത്ത് നായകപരിവേഷം നേടിയ ശ്രീജേഷിന്റെ നേട്ടങ്ങള്‍ക്കു ഇരട്ടിമധുരമാണ്. രാജ്യം ശ്രീജേഷിനെ അര്‍ജുന അവാര്‍ഡ്, പത്മ ശ്രീ, മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന അവാര്‍ഡ്, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി ആദരിച്ചു. ഒരു തലമുറയുടെ പ്രചോദനമായ ശ്രീജേഷ്, ഇപ്പോള്‍ കോച്ചിന്റെയും മെന്റ്ററിന്റെയും റോളിലാണ്. വരും തലമുറകള്‍ക്ക് പ്രചോദനമാകാന്‍ കേരളത്തിന്റെ കായികപുത്രന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തനം തുടരുന്നു.






