വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നുനോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തുഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധനജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

36-ാം ദേശീയ ഗെയിംസ് അഹമ്മദാബാദിൽ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു

അഹമ്മദാബാദ് : 36-ാം ദേശീയ ഗെയിംസിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കംകുറിച്ചു. ദേസറിൽ ലോകോത്തര നിലവാരമുള്ള ‘സ്വർണിം ഗുജറാത്ത് കായിക സർവകലാശാല’യും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന രാജ്യമെമ്പാടുമുള്ള കായികതാരങ്ങളെയും പ്രധാനമന്ത്രി അഭിസംബോധനചെയ്തു.
ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവേളയിലെ ആവേശകരമായ അന്തരീക്ഷം വർണനാതീതമാണെന്നു സദസിനെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ഇത്രയും മഹത്തായ പരിപാടിയുടെ വികാരവും ഊർജവും വിവരിക്കാനാകുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. 7000ത്തിലധികം കായികതാരങ്ങൾ, ഭാഗഭാക്കാകുന്ന 15000ലധികം പേർ, 35000ലധികം കോളേജുകൾ, സർവകലാശാലകൾ, വ‌ിദ്യാലയങ്ങൾ, ദേശീയ ഗെയിംസുമായി 50 ലക്ഷത്തിലധികം വിദ്യാർഥികളുടെ നേരിട്ടുള്ള ബന്ധം എന്നിവ അതിശയകരവും അഭൂതപൂർവവുമാണ്- അദ്ദേഹം പറഞ്ഞു. “ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം, ലോകത്തിലെ യൗവനയുക്തമായ രാജ്യം, ആ രാജ്യത്തെ ഏറ്റവും വലിയ കായികമേള! പരിപാടി ഏറെ വിസ്മയകരവും അതുല്യവുമാകുമ്പോൾ, അതിന്റെ ഊർജവും ഏറെ അസാധാരണമാകണം”- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഏവരുടെയും ആവേശകരമായ പങ്കാളിത്തത്തോടെ പ്രധാനമന്ത്രി ദേശീയ ഗെയിംസ് ഗാനത്തിന്റെ പ്രധാന വരികളായ ‘ജുഡേഗാ ഇന്ത്യ – ജീതേഗാ ഇന്ത്യ’ ചൊല്ലിക്കൊടുത്തു. കായികതാരങ്ങളുടെ മുഖത്തു വിളങ്ങുന്ന ആത്മവിശ്വാസം ഇന്ത്യൻ കായികരംഗത്തിന്റെ വരാനിരിക്കുന്ന സുവർണകാലത്തിന്റെ മുന്നോടിയാണെന്ന് അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും മഹത്തായ പരിപാടി സംഘടിപ്പിച്ചതിനു ഗുജറാത്തിലെ ജനങ്ങളുടെ കഴിവിനെ അദ്ദേഹം പ്രശംസിച്ചു.

ഇന്നലെ അഹമ്മദാബാദിൽ നടന്ന ബൃഹദ് ഡ്രോൺ പ്രദർശനം അനുസ്മരിച്ച്, ഇത്തരമൊരു കാഴ്ചകണ്ട് ഏവരും അത്ഭുതപ്പെടുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഡ്രോൺ പോലെയുള്ള സാങ്കേതികവിദ്യയുടെ ശ്രദ്ധാപൂർവമായ ഉപയോഗം ഗുജറാത്തിനെയും ഇന്ത്യയെയും പുതിയ ഉയരങ്ങളിലെത്തിക്കും.”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ദേശീയ ഗെയിംസ് 2022ന്റെ ഔദ്യോഗിക ചിഹ്നം ഏഷ്യൻ സിംഹമായ സവാജ് ആണെന്നു പരാമർശിച്ച പ്രധാനമന്ത്രി, കായികരംഗത്തേക്കുള്ള നിർഭയമായ കടന്നുവരവിനായുള്ള അഭിനിവേശമുള്ള ഇന്ത്യയുടെ യുവാക്കളുടെ മനോഭാവത്തെയാണ് ഈ ചിഹ്നം പ്രതിഫലിപ്പിക്കുന്നതെന്നു വ്യക്തമാക്കി. ആഗോളസാഹചര്യത്തിൽ ഇന്ത്യയുടെ ഉയർച്ചയുടെ പ്രതീകമാണിതെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേഡിയത്തിന്റെ പ്രത്യേകതയെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, മറ്റു സമുച്ചയങ്ങൾ ചില കായിക സൗകര്യങ്ങളിൽമാത്രം ഒതുങ്ങുമ്പോൾ, സർദാർ പട്ടേൽ കായികസമുച്ചയത്തിൽ ഫുട്ബോൾ, ഹോക്കി, ബാസ്കറ്റ്‌ബോൾ, കബഡി, ബോക്സിങ്, ലോൺ ടെന്നീസ് തുടങ്ങി നിരവധി കായികവിനോദങ്ങൾക്കുള്ള സൗകര്യമുണ്ടെന്നു ചൂണ്ടിക്കാട്ടി. “ഒരുതരത്തിൽ ഇതു രാജ്യത്തിനാകെ മാതൃകയാണ്. അടിസ്ഥാനസൗകര്യങ്ങൾ ഉയർന്ന നിലവാരത്തിലുള്ളതായിരിക്കുമ്പോൾ കായികതാരങ്ങളുടെ മനോവീര്യവും ഉയരും.”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കായികതാരങ്ങളോടു സംസ്ഥാനത്തെ നവരാത്രി പരിപാടികൾ ആസ്വദിക്കാൻ ആഹ്വാനംചെയ്ത പ്രധാനമന്ത്രി, ആഘോഷങ്ങൾ ദുർഗാമാതാവിനെ ആരാധിക്കുന്നതിനേക്കാൾ മേലെയാണെന്നും ഗർബയുടെ ആഹ്ലാദകരമായ ആഘോഷങ്ങൾ നടക്കുന്നുണ്ടെന്നും പറഞ്ഞു. “അതിന് അതിന്റേതായ സ്വത്വമുണ്ട്”- ശ്രീ മോദി കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ കായികവിനോദങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. “കളിക്കളത്തിൽ താരങ്ങളുടെ വിജയം, അവരുടെ കരുത്തുറ്റ പ്രകടനം, മറ്റു മേഖലകളിലും രാജ്യത്തിന്റെ വിജയത്തിനു വഴിയൊരുക്കും. കായികമേഖലയുടെ സൗമ്യശക്തി രാജ്യത്തിന്റെ സ്വത്വവും പ്രതിച്ഛായയും വർധിപ്പിക്കും. കായികമേഖലയുമായി ബന്ധപ്പെട്ട എന്റെ സുഹൃത്തുക്കളോടു ഞാൻ പലപ്പോഴും പറയാറുണ്ട് – പ്രവർത്തിക്കുന്നതിലൂടെയാണു വിജയം ആരംഭിക്കുന്നത് എന്ന്! അതായത്, നിങ്ങൾ തുടങ്ങുന്ന നിമിഷം, വിജയവും ആരംഭിക്കുന്നു. മുന്നേറാനുള്ള മനോഭാവം നിങ്ങൾ ഉപേക്ഷിച്ചിട്ടില്ലെങ്കിൽ, വിജയം നിങ്ങളെ പിന്തുടരും.”- പ്രധാനമന്ത്രി പറഞ്ഞു.

8 വർഷംമുമ്പ് ഇന്ത്യയിൽ നിന്നുള്ള കായികതാരങ്ങൾ നൂറിൽ താഴെ രാജ്യാന്തരമത്സരങ്ങളിൽ മാത്രമാണു പങ്കെടുത്തിരുന്നതെന്നു കായിക മേഖലയിൽ കൈവരിച്ച പുരോഗതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. നേരെമറിച്ച്, ഇന്ത്യയിൽ നിന്നുള്ള കളിക്കാർ പങ്കെടുക്കുന്ന അന്താരാഷ്ട്ര കായികമത്സരങ്ങളുടെ എണ്ണം ഇപ്പോൾ 300 ആയി ഉയർന്നു. “8 വർഷംമുമ്പ് ഇന്ത്യയുടെ താരങ്ങൾ 20-25 ഗെയിമുകൾ മാത്രമാണു കളിക്കാൻ പോയിരുന്നത്. ഇപ്പോൾ ഇന്ത്യയിൽ നിന്നുള്ള കളിക്കാർ 40ഓളം വ്യത്യസ്ത കായിക ഇനങ്ങളിൽ പങ്കെടുക്കാൻ പോകുന്നുണ്ട്. മെഡലുകളുടെ എണ്ണവും ഇന്ത്യയുടെ പരിവേഷവും ഇന്നു വർധിക്കുകയാണ്.”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കൊറോണയുടെ പ്രതിസന്ധിനിറഞ്ഞ കാലഘട്ടത്തിലും കായികതാരങ്ങളുടെ മനോവീര്യം കുറയാൻ അനുവദിച്ചിരുന്നില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. “ നാം കായികരംഗത്തിനായി സ്പോർട്സ് സ്പിരിറ്റോടെ പ്രവർത്തിച്ചു. ടോപ്സ് പോലുള്ള പദ്ധതികൾക്കായി ദൗത്യമെന്നനിലയിൽ വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന്, ഉന്നത കായികതാരങ്ങളുടെ വിജയംമുതൽ പുതിയ കളിക്കാരുടെ ഭാവി സൃഷ്ടിക്കൽവരെയുള്ള കാര്യങ്ങളിൽ ടോപ്സ് വലിയ പങ്കു വഹിക്കുന്നു. ഈ വർഷം നടന്ന ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ എക്കാലത്തെയും മികച്ച ഒളിമ്പിക്സ് പ്രകടനമാണു കാഴ്ചവച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. അതുപോലെ, ബാഡ്മിന്റൺ ടീമിന്റെ തോമസ് കപ്പ് വിജയം നവോന്മേഷം പകർന്നു. വിവിധ രാജ്യാന്തര മത്സരങ്ങളിലെ പാരാ-അത്‌ലറ്റുകളുടെ നേട്ടത്തെയും അദ്ദേഹം പ്രശംസിച്ചു. ഈ ഉയിർത്തെഴുന്നേൽപ്പിൽ വനിതാ കായികതാരങ്ങളുടെ തുല്യവും കരുത്തുറ്റതുമായ പങ്കാളിത്തത്തിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.

വിജയം നേരത്തെ സാധ്യമായിരുന്നുവെങ്കിലും വേണ്ടത്ര പ്രൊഫഷണലിസത്തിനുപകരം അഴിമതിയും സ്വജനപക്ഷപാതവുമാണു രാജ്യത്തെ കായികരംഗത്തെ തകർത്തതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഞങ്ങൾ അത് ഒഴിവാക്കുകയും യുവാക്കൾക്ക് അവരുടെ സ്വപ്നങ്ങൾക്കായി ആത്മവിശ്വാസമേകുകയുംചെയ്തു.”- അദ്ദേഹം പറഞ്ഞു. കേവലം നയരൂപവൽക്കരണത്തിൽമാത്രം വിശ്വസിക്കാതെ, രാജ്യത്തെ യുവജനങ്ങളുമായി ചേർന്നു മുന്നേറുന്ന പുതിയ ഇന്ത്യയെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഫിറ്റ് ഇന്ത്യ, ഖേലോ ഇന്ത്യ തുടങ്ങിയ പ്രയത്നങ്ങൾ ജനകീയമുന്നേറ്റമായി മാറിയെന്നു ചൂണ്ടിക്കാട്ടി. കഴിഞ്ഞ 8 വർഷത്തിനിടെ രാജ്യത്തിന്റെ കായിക ബജറ്റ് ഏകദേശം 70 ശതമാനം വർധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. കളിക്കാർക്കു കൂടുതൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന കൂടുതൽ കൂടുതൽ വിഭവങ്ങൾ കളിക്കാർക്കു ലഭ്യമാക്കുന്നതിലേക്ക് ഇതു നയിച്ചു. രാജ്യത്തു കായികസർവകലാശലാകൾ സ്ഥാപിക്കുകയാണെന്നും രാജ്യത്തിന്റെ മുക്കിലും മൂലയിലും വിപുലമായ കായിക അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിരമിച്ച കളിക്കാരുടെ ജീവിതം സുഗമമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. വിരമിക്കുന്ന കളിക്കാരുടെ അനുഭവങ്ങൾ പുതുതലമുറയ്ക്കു പ്രയോജനപ്പെടുത്താൻ ഈ ദിശയിലുള്ള പ്രവർത്തനങ്ങളും നടക്കുന്നു.

ഇന്ത്യയുടെ നാഗരികതയുടെയും സംസ്കാരത്തിന്റെയും ചരിത്രത്തിലേക്കു വെളിച്ചംവീശി, ആയിരക്കണക്കിനു വർഷങ്ങളായി ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും വളർച്ചയുടെയും ഭാഗമാണു കായികമേഖലയെന്നു പ്രധാനമന്ത്രി പറഞ്ഞു. “ആസാദി കാ അമൃത് കാൽ” വേളയിൽ, രാജ്യം അതിന്റെ പൈതൃകത്തിൽ അഭിമാനിച്ച്, ഈ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുകയാണ്.” രാജ്യത്തിന്റെ പരിശ്രമവും ആവേശവും കേവലം ഒരു കായിക ഇനത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും കളരിപ്പയറ്റ്, യോഗാസൻ തുടങ്ങിയ ഇന്ത്യൻ കായിക ഇനങ്ങളും പ്രാധാന്യമർഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “ദേശീയ ഗെയിംസ് പോലുള്ള വലിയ കായികപരിപാടികളിൽ ഈ ഗെയിമുകൾ ഉൾപ്പെടുത്തിയതിൽ എനിക്കു സന്തോഷമുണ്ട്”- അദ്ദേഹം പറഞ്ഞു. ഇവിടെ ഈ കായിക ഇനങ്ങളെ പ്രതിനിധാനംചെയ്യുന്ന കളിക്കാരോടു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: “ഞാൻ ഒരുകാര്യം പ്രത്യേകം പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഒരുവശത്ത്, ആയിരക്കണക്കിനു വർഷത്തെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നു. അതേസമയം, കായികലോകത്തിന്റെ ഭാവിക്കു നേതൃത്വവും നൽകുന്നു. വരുംകാലത്ത് ഈ ഗെയിമുകൾക്ക് ആഗോള അംഗീകാരം ലഭിക്കുമ്പോൾ, നിങ്ങളുടെ പേര് ഈ മേഖലയ‌ിലെ ഇതിഹാസങ്ങളുടെ പട്ടികയിൽ വരും”.

പ്രസംഗം ഉപസംഹരിച്ച പ്രധാനമന്ത്രി കളിക്കാരുമായി നേരിട്ടു സംസാരിക്കുകയും അവർക്കായി ഒരു സന്ദേശം നൽകുകയുംചെയ്തു. “മത്സരത്തിൽ വിജയിക്കണമെങ്കിൽ പ്രതിബദ്ധതയോടെയും തുടർച്ചയോടെയും ജീവിക്കാൻ പഠിക്കണം”- അദ്ദേഹം പറഞ്ഞു. സ്പോർട്സ് സ്പിരിറ്റിനെക്കുറിച്ചു പറയവേ, കായികരംഗത്തുണ്ടാകുന്ന തോൽവിയും വിജയവും ഒരിക്കലും അന്തിമഫലമായി കണക്കാക്കരുതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്പോർട്സ് സ്പിരിറ്റ് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുകയാണെങ്കിൽ ഇന്ത്യ പോലൊരു യുവരാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാകുമെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. “എവിടെ ചലനമുണ്ടോ, അവിടെ മുന്നേറ്റമുണ്ട് എന്ന കാര്യം നിങ്ങൾ ഓർക്കണം”- ശ്രീ മോദി കൂട്ടിച്ചേർത്തു. “നിങ്ങൾ മൈതാനങ്ങൾക്കു പുറത്തും ഈ ഗതിവേഗം നിലനിർത്തണം. ഈ മുന്നേറ്റം നിങ്ങളുടെ ജീവിതദൗത്യമായിരിക്കണം. ദേശീയ ഗെയിംസിലെ നിങ്ങളുടെ വിജയം രാജ്യത്തിന് ആഘോഷിക്കാനുള്ള അവസരം നൽകുമെന്നും ഭാവിയിൽ പുതിയ ആത്മവിശ്വാസം പകരുമെന്നും എനിക്കുറപ്പുണ്ട്.”- പ്രധാനമന്ത്രി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഗവർണർ ആചാര്യ ദേവവ്രത്, കേന്ദ്ര യുവജനകാര്യ കായികമന്ത്രി അനുരാഗ് സിങ് താക്കൂർ, പാർലമെന്റ് അംഗം സി ആർ പാട്ടീൽ, ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘവി, അഹമ്മദാബാദ് മേയർ കിരിത് പാർമർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ഗുജറാത്തിൽ ഇതാദ്യമായാണു ദേശീയ ഗെയിംസ് നടക്കുന്നത്. 2022 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12 വരെയാണു കായികോത്സവം. രാജ്യത്തുടനീളമുള്ള 15,000 കായികതാരങ്ങളും പരിശീലകരും ഉദ്യോഗസ്ഥരും 36 കായിക ഇനങ്ങളിൽ പങ്കെടുക്കും. എക്കാലത്തെയും വലിയ ദേശീയ ഗെയിംസായി ഇതു മാറും. അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഭാവ്‌നഗർ എന്നീ ആറു നഗരങ്ങളിലാണു കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അന്നു മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് അന്താരാഷ്ട്രനിലവാരത്തിലുള്ള കരുത്തുറ്റ കായിക അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കാനുള്ള യാത്ര ഗുജറാത്ത് ആരംഭിച്ചത്. ഇതു വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഗെയിംസിനു തയ്യാറെടുക്കാൻ സംസ്ഥാനത്തെ സഹായിച്ചു.

X
Top