
മെറ്റയിലെ 26 ജീവനക്കാർ തങ്ങളെ പിരിച്ചുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് നൽകിയ അടിയന്തര അപേക്ഷ ഒരു യുഎസ് ജഡ്ജി തള്ളി. കൂട്ടപ്പിരിച്ചുവിടലിനായി ജീവനക്കാരെ തിരഞ്ഞെടുത്തതിൽ നിർമിതബുദ്ധി (എഐ) മോഡലുകൾ സ്വാധീനം ചെലുത്തിയെന്ന ആരോപണം നിലനിൽക്കെയാണിത്.
ജൂലായ് 22 മുതൽ മെറ്റ നിശ്ചയിച്ചിട്ടുള്ള പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ട് പോകാൻ മെറ്റയെ അനുവദിക്കുന്നതാണ് കോടതി വിധി.
പിരിച്ചുവിടൽമൂലം ഉണ്ടാകുന്ന ‘പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾ’ തെളിയിക്കാൻ ജീവനക്കാർക്ക് കഴിഞ്ഞിട്ടില്ലെന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി വില്യം ഓർറിക് പറഞ്ഞു. പിരിച്ചുവിടൽ താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശിക്കാത്തതിന് കാരണമായി ഇക്കാര്യമാണ് ജഡ്ജി ചൂണ്ടിക്കാട്ടുന്നത്.
ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളിൽ എഐ എങ്ങനെ ഉപയോഗിച്ചു എന്നതിനെക്കുറിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുകയാണെങ്കിൽ ഈ വിഷയം വീണ്ടും പരിശോധിക്കാൻ കോടതിക്ക് കഴിയുമെന്ന് ജഡ്ജി സൂചിപ്പിച്ചു.
പിരിച്ചുവിടാനുള്ള ജീവനക്കാരെ കണ്ടെത്താൻ എഐ സംവിധാനങ്ങളെ മെറ്റ ആശ്രയിച്ചതായി അടുത്തിടെ ഫയൽ ചെയ്ത ഹർജിയിലാണ് ജീവനക്കാർ ആരോപണം ഉന്നയിച്ചത്. അംഗപരിമിതരായ ജീവനക്കാരെയും മെഡിക്കൽ അവധിയെടുത്തവരെയുമടക്കം ഈ നീക്കം ദോഷകരമായി ബാധിച്ചതായി ജീവനക്കാർ ആരോപിക്കുന്നു.
ജീവനക്കാരെ റാങ്ക് ചെയ്യനായി എഐ തയ്യാറാക്കിയ ഉത്പാദനക്ഷമത സ്‌കോറുകൾ, എഐ സ്വീകാര്യതാ മെട്രിക്കുകൾ, ആന്തരിക ടൂളുകൾ എന്നിവ ഉപയോഗിച്ചുവെന്നാണ് ആരോപണം. ഈ സംവിധാനങ്ങൾ അവധി ദിവസങ്ങൾ കണക്കിലെടുത്തില്ലെന്നും ജീവനക്കാരുടെ പ്രകടനം തെറ്റായി വിലയിരുത്തുന്നതിന് കാരണമായെന്നും ജീവനക്കാർ വാദിക്കുന്നു.
എന്നാൽ, മെറ്റ ഈ ആരോപണങ്ങൾ നിഷേധിച്ചു. പിരിച്ചുവിടലുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എഐ സംവിധാനങ്ങളല്ല, മാനേജർമാരാണ് എടുത്തതെന്ന നിലപാട് കമ്പനി ആവർത്തിച്ചു. കോടതി വിധിയോട് പ്രതികരിക്കാനും അവർ തയ്യാറായില്ല.
പിരിച്ചുവിടൽ നടപടികളിൽ ഒരു ടെക്‌നോളജി കമ്പനി എഐ ടൂളുകൾ വിവേചനപരമായി ഉപയോഗിച്ചുവെന്ന് ആരോപിക്കുന്ന യു.എസിലെ ആദ്യത്തെ കേസാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.






