
മുംബൈ: മാട്രിക്സ് പാർട്ണർസ്, ഗുണോസി ക്യാപിറ്റൽ, 4പോയിന്റ്0, ഹെൽത്ത് വെഞ്ചേഴ്‌സ് എന്നിവർ ചേർന്ന് നടത്തിയ ഒരു വെഞ്ച്വർ റൗണ്ടിൽ 4.5 ദശലക്ഷം ഡോളർ സമാഹരിച്ച് ഫാർമസികൾക്കായുള്ള ബി2ബി ഇ-കൊമേഴ്‌സ് മാർക്കറ്റ് പ്ലേസ് ആയ സാവിയോ ഹെൽത്ത്‌ടെക്.
നിലവിലെ നിക്ഷേപകരായ എൽസി ന്യൂവ, ജെട്ടി വെഞ്ച്വേഴ്‌സ്, ഒക്‌ഗ്രോ വെഞ്ചേഴ്‌സ്, കാപ്പിയർ ഇൻവെസ്റ്റ്‌മെന്റ്‌സ്, ആർടിപി ഗ്ലോബൽ, ഇന്ത്യ ക്വോട്ടന്റ്, ഇൻകുബേറ്റ് ഫണ്ട് എന്നിവ ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളായി. പുതിയ ഹബുകൾ സ്ഥാപിച്ചും സാങ്കേതികവിദ്യ മെച്ചപ്പെടുത്തിയും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ പണം ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഐഐടി ബിരുദധാരികളായ അമിത് കുമാർ, അനുരാഗ് സവർണ്ണ, ശിവാൻഷ് ശ്രീവാസ്തവ, വിവേക് ജയ്‌സ്വാൾ എന്നിവർ ചേർന്ന് 2019-ൽ സ്ഥാപിച്ച കമ്പനി ഫാർമസികളെ സഹായിക്കുകയും ആരോഗ്യ സംരക്ഷണ വിതരണ ശൃംഖല നിർമ്മിക്കുകയും ചെയ്യുന്നു. കർണാടക, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിൽ സ്റ്റാർട്ടപ്പിന് സാന്നിധ്യമുണ്ട്.
ഗുണനിലവാരമുള്ള വിതരണക്കാരെ ഡാർക്ക് സ്റ്റോറുകളാക്കി മാറ്റുന്നതിനും ഫാർമസികൾക്ക് കാര്യക്ഷമമായ സംഭരണം നൽകുന്നതിനുമായി സംയോജിപ്പിച്ച ഫുൾ-സ്റ്റാക്ക് മാനേജ്‌ഡ് മാർക്കറ്റ് പ്ലേസ് മോഡൽ ഉടൻ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.