
മുംബൈ: പെന്റഗണ്‍ റബ്ബറിന്റെ പ്രാരംഭ പബ്ലിക് ഓഫര്‍ (ഐപിഒ) ജൂണ്‍ 26 തിങ്കളാഴ്ച സബ്‌സ്‌ക്രിപ്ഷനായി തുറക്കും. ജൂണ്‍ 30 വരെ നീളുന്ന ഐപിഒയില്‍ 10 രൂപ മുഖവിലയുള്ള 23.10 ലക്ഷം ഓഹരികളാണ് ഇഷ്യു ചെയ്യുക. 16.17 കോടി രൂപ സമാഹരിക്കാനുദ്ദേശിക്കുന്നു.
65-70 രൂപയാണ് ഇഷ്യുവില. 2000 ഓഹരികളുടെ ഒരു ലോട്ടിന് 1.4 ലക്ഷം രൂപയാണ് വില. ചില്ലറ നിക്ഷേപകര്‍ക്ക് ഒരു ലോട്ടിന് മാത്രമേ അപേക്ഷിക്കാനാകൂ.
അതേസമയം ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ (എച്ച്എന്‍ഐ) കുറഞ്ഞത് രണ്ട് ലോട്ടിനെങ്കിലും അപേക്ഷിക്കണം. മൊത്തം ഓഹരിയില്‍ 1.15 ലക്ഷം സണ്‍ഫ്്ളവര്‍ ബ്രോക്കിംഗ് എന്ന മാര്‍ക്കറ്റ് മെയ്ക്കറിനും 10.94 ലക്ഷം അല്ലെങ്കില്‍ ഓഫറിന്റെ 50 ശതമാനം യോഗ്യതയുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയര്‍മാര്‍ക്കും (ക്യുഐബി) 3.3 ലക്ഷം അല്ലെങ്കില്‍ 15 ശതമാനം എച്ച്എന്‍ഐകള്‍ക്കും ശേഷിക്കുന്ന 7.65 ലക്ഷം അല്ലെങ്കില്‍ 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കുമായി മാറ്റിവച്ചിട്ടുണ്ട്.
ഐപിഒ വഴി സമാഹരിക്കുന്ന തുക പ്രവര്‍ത്തന മൂലധ, പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും. അത് വഴി വിറ്റുവരവ് 55-60 ശതമാനം ഉയര്‍ത്താമെന്ന് കമ്പനി കരുതുന്നു. 2004 ല്‍ സ്ഥാപിതമായ പെന്റഗണ്‍ റബ്ബര്‍, റബ്ബര്‍ കണ്‍വെയര്‍ ബെല്‍റ്റുകള്‍, ട്രാന്‍സ്മിഷന്‍ ബെല്‍റ്റുകള്‍, റബ്ബര്‍ ഷീറ്റുകള്‍, എലിവേറ്റര്‍ ബെല്‍റ്റുകള്‍ എന്നിവ നിര്‍മ്മിക്കുന്ന കമ്പനിയാണ്.
പഞ്ചാബിലെ ദേരാ ബസിയിലുള്ള നിര്‍മ്മാണ യൂണിറ്റ് പ്രതിവര്‍ഷം 300 ചതുരശ്ര കിലോമീറ്ററിലധികം കണ്‍വെയര്‍ റബ്ബര്‍ ബെല്‍റ്റുകള്‍ ഉത്പാദിപ്പിക്കുന്നു. 3.09 കോടി രൂപയാണ് 2023 സാമ്പത്തികവര്‍ഷത്തില്‍ നേടിയ അറ്റാദായം.35.12 കോടി രൂപ വരുമാനവും 4.29 കോടി രൂപ എബിറ്റയും രേഖപ്പെടുത്തി.






