
മുംബൈ: രാജ്യത്തെ ഓഹരി നിക്ഷേപകർക്ക് ഒരു സന്തോഷ വാർത്ത. വൻ വിലയുള്ള ഓഹരികൾ വാങ്ങാൻ ഇനി ഒരുമിച്ച് വലിയ തുക മുടക്കേണ്ടതില്ല. കുറച്ചു പണം നൽകി കമ്പനിയുടെ ഭാഗിക ഓഹരി വാങ്ങാൻ നിക്ഷേപകർക്ക് അവസരം ലഭിക്കും.
അധികം വൈകാതെ വൻകിട കമ്പനികളുടെ ഓഹരികൾ ഭാഗികമായി വാങ്ങാൻ സർക്കാർ അനുമതി നൽകും. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കോർപറേറ്റ് നിയമം ഭേദഗതി ചെയ്താണ് പദ്ധതി നടപ്പാക്കുക. ഡിസംബർ ഒന്നിന് തുടങ്ങുന്ന ശീതകാല സമ്മേളനത്തിൽ കോർപറേറ്റ് നിയമ ഭേദമതി ബിൽ-2025 അവതരിപ്പിക്കുമെന്നാണ് പാർലമെന്റിന്റെ ബുള്ളറ്റിൻ പറയുന്നത്.
രാജ്യം നിക്ഷേപ സൗഹൃദമാക്കാനും കമ്പനി നിയമ സമിതി കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കാനും വേണ്ടി കമ്പനി നിയമവും എൽ.എൽ.പി നിയമവും ഭേദഗതി ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
26 ഭേദഗതികളാണ് കമ്പനി നിയമ സമിതി നിർദേശിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒരു ഓഹരി പൂർണമായും വാങ്ങുന്നതിന് പകരം ഫ്രാക്ഷണൽ അല്ലെങ്കിൽ ഭാഗികമായി സ്വന്തമാക്കാനുള്ള അനുമതി.
കമ്പനി ലയിപ്പിക്കൽ, ബോണസ് ഓഹരി നൽകൽ തുടങ്ങിയ കോർപറേറ്റ് തീരുമാനങ്ങളിൽ ഏറ്റവും കൂടുതൽ ഉയർന്നുവരുന്ന ആവശ്യമാണിത്. നിലവിൽ ആഭ്യന്തര വിപണിയിലെ കമ്പനികളുടെ ഭാഗിക ഓഹരികൾ വാങ്ങാൻ നിയമം അനുവദിക്കുന്നില്ല. പക്ഷെ, ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള ഇന്റർനാഷനൽ ഫിനാൻഷ്യൽ സർവിസസ് സെന്റർസ് അതോറിറ്റിക്ക് അനുമതിയുണ്ട്.
വില കൂടിയതിനാൽ പല കമ്പനികളുടെയും ഓഹരികൾ ചെറുകിട നിക്ഷേപകർക്ക് വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്. യു.എസ്, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിൽ ഭാഗിക ഓഹരി വാങ്ങാൻ അനുമതി നൽകിയിട്ടുണ്ട്.
മികച്ച കമ്പനികളുടെ വലിയ വിലയുള്ള ഓഹരികൾ ചെറിയ തുക നൽകി വാങ്ങാനും ഭാവിയിൽ ഓഹരി വളർച്ചയിലൂടെ നേട്ടമുണ്ടാക്കാനും ചെറുകിട നിക്ഷേപകർക്ക് അവസരം നൽകുന്നതാണ് പുതിയ നീക്കമെന്ന് ഹാർവാഡ് ബിസിനസ് സ്കൂൾ ഡി.എൻ.ഇ.ജി, എ.എം.പി ഗ്രൂപ്പ് ഗ്ലോബൽ ജനറൽ കൗൺസൽ സമീർ നഥാനി പറഞ്ഞു.
യു.എസ് വിപണിയിലെ ദീർഘകാല നിക്ഷേപകനായ തനിക്ക് ഭാഗിക ഓഹരി വാങ്ങൽ പദ്ധതിയിലൂടെ ഏറെ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഉദാഹരണത്തിന്, ലോക പ്രശസ്ത ഓഹരി നിക്ഷേപകനായ വാറൻ ബഫറ്റിന്റെ കമ്പനി ബെർക്ഷെയർ ഹാതവെയുടെ ഒരു ഓഹരിയുടെ വില 7,55,320 ഡോളറാണ്.
അതായത് 6.70 കോടിയിലേറെ രൂപ. എന്നാൽ, നിക്ഷേപകർക്ക് ബെർക്ഷെയർ ഹാതവെയുടെ ഓഹരികൾ ഭാഗികമായി 100 ഡോളറോ 1000 അല്ലെങ്കിൽ ഒരു ലക്ഷം ഡോളറോ നൽകി സ്വന്തമാക്കാമെന്ന് നഥാനി വ്യക്തമാക്കി.
അതുപോലെ ഇന്ത്യൻ വിപണിയിലെ എം.ആർ.എഫ് ഓഹരി വില 1,53,385 രൂപയാണ്. പുതിയ നിയമം യാഥാർഥ്യമായാൽ നിക്ഷേപകന്റെ സാമ്പത്തിക ശേഷി അനുസരിച്ച് 100 രൂപയോ, 1000 രൂപയോ നൽകി ഭാഗിക ഓഹരി വാങ്ങാൻ കഴിയും.






