
ന്യൂഡൽഹി: പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ദേശീയ ഏകജാലക സംവിധാനത്തിന്റെ സിംഗിൾ എൻട്രി പോയിന്റായി മാറാൻ സാഹചര്യമൊരുങ്ങുന്നു.
നിലവിൽ ബിസിനസുകൾക്ക് ദേശീയ തലത്തിലുള്ള ഏകജാലക ഓൺലൈൻ സംവിധാനത്തിലൂടെ വിവിധ ക്ലിയറൻസുകൾ, അനുമതികൾ എന്നിവ നേടാനുള്ള സൗകര്യമാണുള്ളത്.
കേന്ദ്ര-സംസ്ഥാന സർക്കാർ ഡിപ്പാർട്മെന്റുകളിൽ നിന്ന് ഇത്തരം അനുമതികൾ ലഭിക്കുന്നതിന് ഒരു യുണീക് ഐഡന്റിഫയർ എന്ന രീതിയിൽ പാൻ നമ്പറാണ് ഉപയോഗിക്കുന്നത്.
ഇപിഎഫ്ഒ, ഇഎസ്ഐസി, ജിഎസ്ടിഐഎൻ, ടിഐഎൻ, ടിഎഎൻ, പാൻ എന്നിങ്ങനെ വ്യത്യസ്ത ബിസിനസ് ഐഡികൾ ഉപയോഗിച്ച് അനുമതിയുടെ തരം അനുസരിച്ച് വിവിധതരം അപ്രൂവലുകൾ നേടാനാകും.
ദേശീയ ഏകജാലക സംവിധാനവുമായി ബന്ധപ്പെട്ടുള്ള ഒരു റിവ്യൂ യോഗത്തിൽ പങ്കെടുത്തതിനു ശേഷം, കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഈ വിഷയത്തെ സംബന്ധിച്ച് പ്രതികരണം നടത്തി.
നിലവിൽ ഒരു സിംഗിൾ എൻട്രി പോയിന്റ് എന്ന നിലയിലേക്ക് മാറാനാണ് ശ്രമം. ഇത്തരത്തിൽ ഒരു ഡാറ്റ ബേസ് സർക്കാരിന്റെ കൈവശം ഇപ്പോൾത്തന്നെയുണ്ട്. പാൻ നമ്പർ ഇത്തരത്തിൽ പരിഗണിക്കാനാണ് സാധ്യത കൂടുതലെന്നും അദ്ദേഹം വ്യക്തമാക്കി.
പാൻ നമ്പറുമായി ബന്ധപ്പെട്ട് കമ്പനിയുമായി ബന്ധപ്പെട്ട നിരവധി അടിസ്ഥാന വിവരങ്ങൾ ലഭിക്കുക എന്നത് എളുപ്പമാണ്. കമ്പനിയുടെ അടിസ്ഥാന വിവരങ്ങൾ, ഡയറക്ടേഴ്സിന്റെ വിവരങ്ങൾ, അഡ്രസ് ഇത്തരം നിരവധി വിവരങ്ങൾ സർക്കാരിന്റെ പക്കൽ ഇപ്പോൾ ത്തന്നെയുണ്ട്.
സാമ്പത്തിക മന്ത്രാലയത്തിനു കീഴിലുള്ള റവന്യു ഡിപ്പാർട്മെന്റിനെ വാണിജ്യ-വ്യവസായ മന്ത്രാലയം ഇതു സംബന്ധിച്ച് ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നാഷണൽ സിംഗിൾ വിൻഡോ സിസ്റ്റം
ദേശീയ ഏകജാലക സംവിധാനം അഥവാ നാഷണൽ സിംഗിൾ വിൻഡോ സിസ്റ്റം (എൻഎസ്ഡബ്ല്യുഎസ്), വ്യവസായത്തെയും, ആഭ്യന്തര വ്യാപാരത്തെയും പിന്തുണയ്ക്കുന്നതിനു വേണ്ടിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് നിക്ഷേപകർക്കായുള്ള ഒരു ‘വൺ സ്റ്റോപ് ഷോപ് ‘ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്.
വിവിധ അനുമതികൾക്കായി ഈ പ്ലാറ്റ്ഫോമുകളിലൂടെ അപേക്ഷ നൽകി യൂണിറ്റുകൾ സെറ്റ് ചെയ്യാൻ സാധിക്കും. ഈ ഒരൊറ്റ സിസ്റ്റത്തിലൂടെ, തിരിച്ചറിയൽ, അന്വേഷണങ്ങൾ, ട്രാക്കിങ് തുടങ്ങിയവയെല്ലാം സാധ്യമാവുന്നു.
ഈ സംവിധാനം നിലവിലുള്ളതിനാൽ നിക്ഷേപകർ വിവിധ ഡിപാർട്മെന്റുകൾ കയറി ഇറങ്ങേണ്ടതില്ല. അതു പോലെ, അനുമതികൾക്കായി ഒരേ തരം വിവരങ്ങൾ വിവിധ ഡിപാർട്മെന്റുകളിൽ നൽകുന്നതു മൂലമുള്ള സമയം നഷ്ടവും ഒഴിവാകുന്നതാണ്.
വിവിധ തരം ക്ലിയറൻസുകൾക്ക് വരുന്ന കാലതമാസവും, സങ്കീർണമായ അപേക്ഷാ നടപടിക്രമങ്ങളും വലിയ മൾട്ടി നാഷണൽ കോർപറേഷനുകളെ അടക്കം നിരാശപ്പെടുത്താൻ പോന്നവയായിരുന്നു.
ഒന്നുകിൽ ഇന്ത്യയിൽ നിക്ഷേപം നടത്തുക, അല്ലെങ്കിൽ ഈ രാജ്യത്തെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക എന്ന രീതിയിൽ രണ്ടിലൊന്ന് തീരുമാനിക്കാൻ കമ്പനികൾ നിർബന്ധിതരായി. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ മാറ്റങ്ങൾക്കായി ഇടപെടുന്നത്.
വൈകാതെ തന്നെ ലൈസൻസുകളുടെ പുതുക്കൽ അടക്കമുള്ളവ ദേശീയ ഏകജാലക സംവിധാനത്തിൽ ഉൾപ്പെടുത്താനും ആലോചനയുണ്ട്. വാണിജ്യം, വ്യവസായം, ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതു വിതരണം, ടെക്സ്റ്റൈൽസ് തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നത്.
ഭാവിയിൽ വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി, എഥനോൾ പോളിസി, ആഭരണങ്ങളുടെ ഹാൾമാർക്കിങ്, പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അനുമതികൾ തുടങ്ങിയവയെല്ലാം ദേശീയ ഏകജാലക സംവിധാനത്തിലേക്കു കൊണ്ടു വരാനും ശ്രമമുണ്ട്.





