
. ജൂണില്‍ ഇറക്കുമതി 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി
ന്യൂഡൽഹി: വെളിച്ചെണ്ണ വില കുതിച്ചുയർന്നതോടെ മലേഷ്യയില്‍ നിന്നുള്ള എണ്ണപ്പന വിത്തുകളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായിരിക്കുകയാണ് ഇന്ത്യ. മലേഷ്യന്‍ പാമോയില്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2.5 മില്യണ്‍ ടണ്‍ പാമോയിലാണ് മെയ്, ജൂണ്‍ മാസങ്ങളിലായി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇന്ത്യന്‍ വിപണിയുടെ 35 ശതമാനം വിഹിതവും മലേഷ്യൻ പാമോയിൽ കൈയ്യടക്കി. ജൂണില്‍ ഇറക്കുമതി 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
മെയ് മാസത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. പാമോയിലിന് വെളിച്ചെണ്ണ, സണ്‍ഫ്ളവര്‍ ഓയില്‍, സോയാബീന്‍ ഓയില്‍ എന്നിവയെ അപേക്ഷിച്ച് വിലക്കുറവായതിനാല്‍ ഇറക്കുമതിക്കാര്‍ സംഭരണം കൂട്ടിയതാണ് ഇറക്കുമതി കൂടാന്‍ കാരണം.
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദം വരെ കയറ്റുമതി ഇതേ രീതി തുടരുമെന്നാണ് മലേഷ്യയുടെ കണക്കുകൂട്ടല്‍. വെളിച്ചെണ്ണ വില ഉയർന്നതോടെ സംസ്ഥാനം പാമോയിലെ ആശ്രയിച്ചതും മലേഷ്യയ്ക്ക് അനുഗ്രഹമായത്. വെളിച്ചെണ്ണ കഴിഞ്ഞാല്‍ കേരളത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് പാമോയില്‍ ആണ്.
500 കടന്ന വെളിച്ചെണ്ണ ഓണത്തോടെ 600ന് മുകളിലേക്ക് ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കേന്ദ്രം ഉയര്‍ത്തിയതോടെ പാമോയില്‍ ഇറക്കുമതി വൻ തോതില്‍ കുറഞ്ഞിരുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ കര്‍ഷകരെ സഹായിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. കര്‍ഷകര്‍ക്ക് ഗുണം ചെയ്‌തെങ്കിലും വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള എണ്ണകളുടെ വില പിന്നീട് കുത്തനെ ഉയരുകയായിരുന്നു. ഇതോടെ ഇറക്കുമതി നിയന്ത്രണം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
തേങ്ങ ഉത്പാദനത്തില്‍ വന്ന കുറവാണ് വെളിച്ചെണ്ണ വിലയിലും പ്രതിഫലിക്കുന്നത്. പൊതു വിപണിയില്‍ വില നിയന്ത്രിക്കേണ്ട സപ്ലൈകോയില്‍ പലയിടത്തും വെളിച്ചെണ്ണ സ്‌റ്റോക്കില്ലെന്നതും പ്രതിസന്ധി ഉയർത്തുകയാണ്.
അതേസമയം, ദേശീയ ഭക്ഷ്യ എണ്ണ – എണ്ണപ്പന മിഷന്‍ പദ്ധതി പ്രകാരം 2025-26 ഓടെ ഒരു ദശലക്ഷം ഹെക്ടറിലേക്ക് എണ്ണപ്പന കൃഷി വ്യാപിപ്പിക്കാനും 2029-30 ഓടെ ഏകദേശം 2.8 ദശലക്ഷം ടണ്‍ ക്രൂഡ് പാമോയില്‍ ഉത്പാദിപ്പിക്കാനുമുളള തയ്യാറെടുപ്പിലാണ് ഇന്ത്യ. നിലവില്‍ 370,000 ഹെക്ടറിലാണ് രാജ്യത്ത് എണ്ണപ്പന കൃഷിയുള്ളത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദ്വീപുകളിലുമാണ് കൃഷി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകത്ത് പാമോയില്‍ ഉത്പാദനത്തിലും കയറ്റുമതിയിലും രണ്ടാംസ്ഥാനത്തുള്ള രാജ്യമാണ് മലേഷ്യ.
ആഗോള വിപണിയുടെ 24 ശതമാനവും മലേഷ്യയ്ക്ക് അവകാശപ്പെട്ടതാണ്. 19.34 മില്യണ്‍ ടണ്ണായിരുന്നു കഴിഞ്ഞ വര്‍ഷം മലേഷ്യയുടെ പാമോയിൽ ഉത്പാദനം. ഇതില്‍ 2.5 മില്യണ്‍ ടണ്ണും ഇന്ത്യയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.