കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യവീണ്ടും ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണവിലസിൽവർലൈൻ പദ്ധതിരേഖയിൽ കേന്ദ്രം നിർദേശിക്കുന്ന മാറ്റങ്ങളിൽ ആകാംക്ഷയോടെ കേരളംആഗോള സൗരോര്‍ജ്ജ നിക്ഷേപം ഈവര്‍ഷം 500 ബില്യണ്‍ ഡോളറിലെത്തും

സർക്കാരിന്റെ സി സ്‌പേസ് ഓടിടി നാളെ മുതൽ

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് പുതിയ ചരിത്രം കുറിച്ച് കേരളത്തിന്റെ ഒ.ടി.ടി.പ്ലാറ്റ്ഫോം ‘സി സ്പേസ്’ വ്യാഴാഴ്ചമുതൽ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ ഇത്തരമൊരു പ്ലാറ്റ് ഫോം.

‘സി സ്പേസ്’ വ്യാഴാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.

ഉള്ളടക്കത്തിലും പ്രചാരണത്തിലും ഒ.ടി.ടി. മേഖലയിലെ വർധിച്ചുവരുന്ന അസന്തുലിതാവസ്ഥകളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമാണ് സി സ്പേസിലൂടെ സാധ്യമാക്കുന്നതെന്ന് ചലച്ചിത്ര സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ.്എഫ്.ഡി.സി.) ചെയർമാനുമായ ഷാജി എൻ. കരുൺ പത്രസമ്മേളനത്തിൽ പറഞ്ഞു.

കെ.എസ്.എഫ്.ഡി.സിക്കാണ് നിർവ്വഹണച്ചുമതല. സിനിമകൾ തിരഞ്ഞെടുക്കുന്നതിന് ചലച്ചിത്രപ്രവർത്തകരായ സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി, എഴുത്തുകാരായ ഒ.വി ഉഷ, ബെന്യാമിൻ എന്നിവർ ഉൾപ്പെടെയുള്ള 60 അംഗ ക്യൂറേറ്റർ സമിതിയുണ്ട്.

അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചവയും ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയതുമായ സിനിമകൾ ക്യൂറേറ്റ് ചെയ്യാതെതന്നെ പ്രദർശിപ്പിക്കും.മലയാള സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

ആദ്യഘട്ടത്തിൽ 42 സിനിമകൾ ക്യൂറേറ്റർമാർ തിരഞ്ഞെടുത്തതായി ഷാജി എൻ. കരുൺ പറഞ്ഞു. ഇതിൽ 35 ഫീച്ചർ ഫിലിമുകളും ആറ് ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണുള്ളത്.

നിരവധി പുരസ്കാരങ്ങൾ നേടിയ ‘നിഷിദ്ധോ’ ‘ബി 32 മുതൽ 44 വരെ’ എന്നീ സിനിമകൾ സി സ്പേസ് വഴി പ്രീമിയർ ചെയ്യും. 75 രൂപയ്ക്ക് ഒരു ഫീച്ചർ ഫിലിം കാണാനും ഹ്രസ്വചിത്രങ്ങൾ കുറഞ്ഞ തുകയ്ക്ക് കാണാനും അവസരമുണ്ടാകും.

ഈടാക്കുന്ന തുകയുടെ പകുതി തുക നിർമ്മാതാവിന് ലഭിക്കും. മാർച്ച് ഏഴ് മുതൽ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്പേസ് ആപ്പ് ഡൗൺലോഡ് ചെയ്യാം.

ഡൗൺലോഡ് ചെയ്യുന്ന സിനിമ മൂന്നുദിവസംവരെയും കണ്ടുതുടങ്ങിയാൽ 72 മണിക്കൂർവരെയും ഐഡിയിൽ സൂക്ഷിക്കാം. ഒരു ഐഡിയിൽനിന്ന് മൂന്നുവ്യത്യസ്ത ഡിവൈസുകളിൽ കാണാനുമാകും.

സിനിമയെ ഗൗരവമായി കാണുന്നവരെയും ചലച്ചിത്രപഠിതാക്കളെയും പരിഗണിക്കുന്നതും കേരളീയ കലകളെയും സാംസ്കാരത്തെയും പ്രതിനിധീകരിക്കുന്നതുമായ ഉള്ളടക്കവും സി സ്പേസിൽ ഉണ്ടാകും. സി സ്പേസ് വഴി കലാലയങ്ങളിലടക്കം ഫിലിം ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്.

നിർമാതാക്കൾ സിനിമകൾ ഒ.ടി.ടി. പ്ലാറ്റ് ഫോമുകളിൽ നേരിട്ട് റിലീസ് ചെയ്യുന്നതു മൂലം തിയേറ്റർ ഉടമസ്ഥർക്കും വിതരണക്കാർക്കും ലാഭം കുറയുന്നുവെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും ഇത് ഉൾക്കൊണ്ട് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ മാത്രം പ്രദർശിപ്പിക്കാനാണ് സി സ്പേസ് തീരുമാനിച്ചിട്ടുള്ളതെന്ന് കെ.എസ്.എഫ്.ഡി.സി. മാനേജിങ് ഡയറക്ടർ കെ.വി. അബ്ദുൾ മാലിക് പറഞ്ഞു.

സിനിമാ പ്രവർത്തകരുടെ ക്ഷേമത്തിന് നിശ്ചിതതുക നീക്കിവെക്കുന്നതും പരിഗണനയിലുണ്ട്.

X
Top