
ന്യൂഡല്ഹി: ഒരു രാജ്യം, ഒരു നികുതി, ഒരു ട്രിബ്യൂണല് നയം ഫെഡറല് തത്വങ്ങള്ക്ക് എതിരാണെന്ന് ജിഎസ്ടി കൗണ്സില് യോഗത്തില് സംസ്ഥാന ധനകാര്യ മന്ത്രി കെ.എന് ബാലഗോപാൽ.
സംസ്ഥാനങ്ങളുടെ അധികാരം കവര്ന്നെടുക്കുന്ന ഈ നയം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളവും, തമിഴ്നാടും, ഉത്തര്പ്രദേശും, ബംഗാളും ഉള്പ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിര്പ്പിനെ തുടര്ന്ന് ജിഎസ്ടി ട്രിബ്യൂണല് രൂപീകരണം സംബന്ധിച്ച് തീരുമാനം ആകാതെ കൗണ്സില് യോഗം പിരിഞ്ഞു.
ട്രിബ്യൂണല് രൂപീകരണം സംബന്ധിച്ച് കേന്ദ്ര സര്ക്കാര് മുന്നോട്ട് വച്ച നിര്ദേശങ്ങള് എതിര്ത്താണ് ജിഎസ്ടി കൗണ്സില് യോഗത്തില് കേരളം കടുത്ത നിലപാട് സ്വീകരിച്ചത്. നികുതി പിരിവുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമങ്ങള് ഉണ്ട്.
അതിനാല് തന്നെ ട്രിബ്യൂണല് അംഗങ്ങളുടെ നിയമനം ഉള്പ്പടെയുള്ള കാര്യങ്ങളില് സംസ്ഥാനങ്ങള്ക്ക് തീരുമാനം എടുക്കാന് അധികാരം ഉണ്ടായിരിക്കണമെന്നും സംസ്ഥാന ധനകാര്യ മന്ത്രി കെ എന് ബാലഗോപാല് യോഗത്തില് ആവശ്യപ്പെട്ടു.
തമിഴ്നാട് ധനകാര്യ മന്ത്രി പളനിവേല് ത്യാഗരാജനും ജിഎസ്ടി ട്രിബ്യൂണല് സംബന്ധിച്ച കേന്ദ്ര നിര്ദേശത്തെ എതിര്ത്തു. ഉത്തര്പ്രദേശ് ധനകാര്യ മന്ത്രി സുരേഷ് കുമാര് ഖന്ന ഉള്പ്പടെ മറ്റ് ചില സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരും ട്രിബ്യുണല് രൂപീകരണം സംബന്ധിച്ച കേന്ദ്ര ശുപാര്ശയോട് വിയോജിപ്പ് അറിയിച്ചു.
ഇതേ തുടര്ന്ന് സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് അടുത്ത യോഗത്തിന് മുമ്പായി ട്രിബ്യൂണല് രൂപീകരണം സംബന്ധിച്ച കരട് ശുപാര്ശ തയ്യാറാക്കാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്മല സീതാരാമന് യോഗത്തെ അറിയിച്ചു.






