
ലണ്ടന്‍: യുഎസും യൂറോപ്യന്‍ യൂണിയനും വ്യാപാര ഉടമ്പടിയില്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ചൈന-യുഎസ് ചര്‍ച്ച പുരോഗമിക്കുന്നതും തുണയായി.
ബ്രെന്റ് ക്രൂഡ് അവധി 22 സെന്റ് അഥവാ 0.32 ശതമാനം ഉയര്‍ന്ന് ബാരലിന് 68.66 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 22 സെന്റ് അഥവാ 0.34 ശതമാനം ഉയര്‍ന്ന് ബാരലിന് 65.38 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.
അതേസമയം ഒപെക്ക് പ്ലസ് ലഭ്യത വര്‍ധിപ്പിച്ചത് നേട്ടം പരിമിതമാക്കി. ഒപെക്ക് രാജ്യങ്ങളുടെ തിങ്കളാഴ്ചയിലെ മീറ്റിംഗ് ഉത്പാദനത്തില്‍ സ്ഥിരത നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.
ആഗോള എണ്ണ ആവശ്യകത ജൂലൈയില്‍ പ്രതിദിനം 600,000 ബാരല്‍ വര്‍ദ്ധിച്ചതായി ജെ പി മോര്‍ഗന്‍ വിശകലന വിദഗ്ധര്‍ അറിയിക്കുന്നു. ആഗോള എണ്ണ ശേഖരവും അതേസമയം പ്രതിദിനം 1.6 ദശലക്ഷം ബാരല്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
ആഗോള വ്യാപാര അനിശ്ചിതത്വവും വെനിസ്വേല ഉത്പാദനം ഉയര്‍ത്തിയതിനെയും തുടര്‍ന്ന് വെള്ളിയാഴ്ച എണ്ണവില മൂന്ന് ആഴ്ചയിലെ കുറവ് വിലയിലെത്തിയിരുന്നു.