
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്റെ പുതിയ ഉപരോധങ്ങള്‍ റഷ്യയുടെ എണ്ണ വിതരണത്തില്‍ ചെലുത്തുന്ന സ്വാധീനം, മിഡില്‍ ഈസ്റ്റ് ഉത്പാദകരുടെ ഉത്പാദന വര്‍ദ്ധനവ്, ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്ന താരിഫുകള്‍,ഇന്ധന സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയ്ക്കിടയില്‍ എണ്ണവില നേരിയ തോതില്‍ ഉയര്‍ന്നു.
ബ്രെന്റ് ക്രൂഡ് അവധി ബാരലിന് 5 സെന്റ് ഉയര്‍ന്ന് 69.33 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 2 സെന്റുയര്‍ന്ന് 67.36 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. ഇരു സൂചികകളും വെള്ളിയാഴ്ച 0.35 ശതമാനം, 0.30 ശതമാനം എന്നിങ്ങനെ ഉയര്‍ന്നിരുന്നു.
റഷ്യയ്ക്കെതിരായ ഉപരോധങ്ങളുടെ 18-ാമത് പാക്കേജിന് വെള്ളിയാഴ്ച യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കി.ഇന്ത്യയുടെ നയാര എനര്‍ജിയെയും ഇത് ലക്ഷ്യം വയ്ക്കുന്നു. റഷ്യന്‍ ക്രൂഡില്‍ നിന്ന് ശുദ്ധീകരിച്ച എണ്ണ കയറ്റുമതി ചെയ്യുന്ന കമ്പനിയാണിത്.
അതേസമയം പാശ്ചാത്യ ഉപരോധങ്ങളെ നേരിടാന്‍ റഷ്യയ്ക്ക് കെല്‍പ്പുണ്ടെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. പാശ്ചാത്യ ഉപരോധം നേരിടുന്ന മറ്റൊരു എണ്ണ ഉത്പാദകക രാജ്യമായ ഇറാന്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുമായി ചര്‍ച്ചയിലാണ്.
ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഇറാന്‍ നേരിടേണ്ടിവരുമെന്ന യൂറോപ്യന്‍ യൂണിയന്‍ ഭീഷണിയെത്തുടര്‍ന്നാണിത്.