
മുംബൈ: ബിനാന്‍സ് എക്‌സ്‌ചേഞ്ച് വഴി വ്യാപാരം നടത്തി ലാഭം നേടിയ നാനൂറോളം സമ്പന്ന വ്യക്തികളെ തേടി ആദായ നികുതി വകുപ്പ്. ഈ വ്യക്തികള്‍ ഓഫ്‌ഷോര്‍ വാലറ്റുകളിലാണ് ഡിജിറ്റല്‍ ആസ്തികള്‍ സൂക്ഷിച്ചിട്ടുള്ളത്. ആദായ നികുതി റിട്ടേണുകളില്‍ അവ വെളിപ്പെടുത്തിയിട്ടില്ല.ഇത് സംബന്ധിച്ച് വിവിധ നഗരങ്ങളിലെ അന്വേഷണ വിഭാഗങ്ങളോട് റിപ്പോര്‍ട്ട് തേടിയിരിക്കയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി).
ഇന്ത്യന്‍ നികുതി നിയമപ്രകാരം, ക്രിപ്റ്റോകറന്‍സി ഇടപാടുകളില്‍ നിന്നുള്ള ലാഭം ഒന്നിലധികം ലെവികള്‍ക്ക് വിധേയമാണ്. ഓരോ വില്‍പ്പനയിലും ഒരു ശതമാനം ടാ്ക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സും 33 ശതമാനം മുതല്‍ 38 ശതമാനം വരെ മൊത്തം നികുതി ബാധ്യതയും. നികുതികള്‍ വെട്ടിക്കാന്‍ ചിലര്‍ ഓഫ്ഷോര്‍ വാലറ്റുകള്‍ ഉപയോഗപ്പെടുത്തുകയായിരുന്നു.
ഇടപാടുകാര്‍ സ്റ്റേബിള്‍ കോയിനായ യുഎസ്ഡിടി വാങ്ങി അത് ബിനാന്‍സ് വാലറ്റുകളിലേയ്ക്ക് മാറ്റുകയും പിന്നീട് അവ ബിറ്റ്‌കോയിന്‍, എതെറിയം പോലുള്ള മറ്റ് ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങാന്‍ ഉപയോഗിക്കുകയും ചെയ്തു. സാധാരണ കറന്‍സികളാക്കി മാറ്റാതെ ലാഭം ക്രിപ്‌റ്റോകറന്‍സികളില്‍ സൂക്ഷിച്ചു.
ചില വ്യക്തികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (LRS) ഉപയോഗിച്ചു, സംവിധാനം ഇന്ത്യന്‍ പൗരന്മാരെ പ്രതിവര്‍ഷം 250,000 യുഎസ് ഡോളര്‍ വരെ വിദേശ ആസ്തികളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നു. അതേസമയം ഈ ഫണ്ടുകള്‍ ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങാനാണ് ഉപയോഗപ്പെടുത്തിയത്. ഇന്ത്യയുടെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്റ്‌സ് യൂണിറ്റില്‍ (എഫ്‌ഐയു) ബിനാന്‍സ് രജിസ്റ്റര്‍ ചെയ്തപ്പോഴാണ് കൃത്രിമത്വം കണ്ടെത്തിയത്.