
കൊച്ചി: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന പദവി പ്രമുഖ അമേരിക്കൻ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയ തിരിച്ചുപിടിച്ചു.
കാലിഫോർണിയിലെ സാന്റാ ക്ളാര ആസ്ഥാനമായ എൻവിഡിയയുടെ ഓഹരി വില 154.1 ഡോളറിലെത്തിയതോടെ മൊത്തം വിപണി മൂല്യം 3.76 ലക്ഷം കോടി ഡോളറിലെത്തി. 3.65 ലക്ഷം കോടി ഡോളർ മൂല്യമുള്ള മൈക്രോസോഫ്റ്റിനെ പിന്തള്ളിയാണ് എൻവിഡിയ പുതിയ നേട്ടം കൈവരിച്ചത്.
നിർമ്മിത ബുദ്ധിയില്‍ സുവർണ തരംഗം സൃഷ്‌ടിക്കാൻ എൻവിഡിയയ്ക്ക് കഴിയുമെന്ന് ലോകത്തിലെ പ്രമുഖ ഐ.ടി അനലിസ്‌റ്റ് വ്യക്തമാക്കിയോടെ ബുധനാഴ്ച കമ്പനിയുടെ ഓഹരി വില നാല് ശതമാനം ഉയർന്നാണ് റെക്കാഡ് ഉയരത്തിലെത്തിയത്.
ജനുവരിയില്‍ ചൈനയുടെ ചെലവ് കുറഞ്ഞ എ.ഐ ചിപ്പായ ഡീപ്പ്സീക്ക് വിപണിയിലെത്തിയതോടെ എൻവിഡിയയുടെ ഓഹരികള്‍ കനത്ത തിരിച്ചടി നേരിട്ടിരുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തില്‍ ഏപ്രില്‍ നാലിന് മൂക്കുകുത്തിയതിന് ശേഷം 60 ശതമാനം നേട്ടമാണ് എൻവിഡിയയുടെ ഓഹരി വിലയിലുണ്ടായത്. നടപ്പുവർഷം തുടക്കത്തില്‍ ആപ്പിളായിരുന്നു ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കമ്പനി.
ലോകത്തിലെ ഉയർന്ന മൂല്യമുള്ള കമ്പനികള്‍
- എൻവിഡിയ : 3.76 ലക്ഷം കോടി ഡോളർ
- മെക്രോസോഫ്റ്റ് : 3.65 ലക്ഷം കോടി ഡോളർ
- ആപ്പിള്‍ 3.01 ലക്ഷം കോടി ഡോളർ.