
ദില്ലി: 2025 സെപ്റ്റംബര്‍ മാസം വയര്‍ലെസ് (മൊബൈല്‍ + ഫിക്‌സഡ് വയര്‍ലെസ്) വരിക്കാരുടെ എണ്ണത്തില്‍ നേട്ടമുണ്ടാക്കി സ്വകാര്യ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്ലും റിലയന്‍സ് ജിയോയും പൊതുമേഖല ഓപ്പറേറ്ററായ ബിഎസ്എന്‍എല്ലും. അതേസമയം, സ്വകാര്യ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയയുടെയും (വി), പൊതുമേഖല ടെലികോം സേവനദാതാക്കളായ എംടിഎന്‍എല്ലിന്‍റെയും വരിക്കാരുടെ എണ്ണത്തില്‍ സെപ്റ്റംബര്‍ മാസം കുറവുണ്ടായതായും ടെലികോം റെഗുലേറ്ററി അതോറ്റി ഓഫ് ഇന്ത്യ (ട്രായ്) ഒക്‌ടോബര്‍ 27-ന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
2025 സെപ്റ്റംബര്‍ മാസത്തിലെ ട്രായ് റിപ്പോര്‍ട്ടിലെ വിശദ വിവരങ്ങള്‍
രാജ്യത്തെ വയര്‍ലെസ് വരിക്കാരുടെ കണക്കുകള്‍ സംബന്ധിച്ച് ട്രായ് പുറത്തുവിട്ട കണക്കുകളിലെ സുപ്രധാന വിവരങ്ങള്‍ ഇങ്ങനെയാണ്. രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം 2025 ഓഗസ്റ്റ് മാസത്തില്‍ 1167.03 ദശലക്ഷമായിരുന്നെങ്കില്‍ സെപ്റ്റംബര്‍ അവസാനം 1170.44 ദശലക്ഷത്തിലേക്ക് ഉയര്‍ന്നു. 0.29 ശതമാനമാണ് വളര്‍ച്ചാ നിരക്ക്.
അതേസമയം മൊബൈല്‍ + വയര്‍ലെസ് വരിക്കാരുടെ ആകെ എണ്ണം ഓഗസ്റ്റിലെ 1178.03 ദശലക്ഷത്തില്‍ നിന്ന് സെപ്റ്റംബറില്‍ 1182.32 ദശലക്ഷത്തിലെത്തി. 0.36 ശതമാനമാണ് ഇക്കാര്യത്തിലെ വളര്‍ച്ചാ നിരക്ക്. 5ജി എഫ്‌ഡബ്ല്യൂഎ (ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ്) വരിക്കാരുടെ എണ്ണം 2025 ഓഗസ്റ്റ് മാസത്തില്‍ 8.90 ദശലക്ഷം ആയിരുന്നത് സെപ്റ്റംബറില്‍ 9.40 ദശലക്ഷമായി വളര്‍ച്ച കൈവരിച്ചു.
നഗരപ്രദേശങ്ങളില്‍ 5.53 ദശലക്ഷവും, ഗ്രാമപ്രദേശങ്ങളില്‍ 3.87 ദശലക്ഷവും എഫ്‌ഡബ്ല്യൂഎ വരിക്കാരാണുള്ളത്. 58.85 ശതമാനവുമായി നഗര മേഖലകളിലാണ് ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് വരിക്കാരുടെ എണ്ണം കൂടുതല്‍.
മൊബൈല്‍ കണക്ഷനുകളില്‍ സ്വകാര്യ കമ്പനികളുടെ തേരോട്ടം
2025 സെപ്റ്റംബര്‍ മാസം ഭാരതി എയര്‍ടെല്‍ 437,717 ഉം ബിഎസ്എന്‍എല്‍ 524,014 ഉം റിലയന്‍സ് ജിയോ 3,249,223 ( (3.24 ദശലക്ഷം) ഉം വയര്‍ലെസ് വരിക്കാരെ പുതുതായി ചേര്‍ത്തു. എന്നാല്‍ വോഡഫോണ്‍ ഐഡിയക്ക് 744,222 ഉം എംടിഎന്‍എല്ലിന് 56,928 ഉം വരിക്കാരെ നഷ്‌ടമായി.
ജമ്മു ആന്‍ഡ് കശ്‌മീര്‍, കൊല്‍ക്കത്ത, രാജസ്ഥാന്‍ എന്നിവിടങ്ങളിലൊഴികെ എല്ലായിടത്തും വയര്‍ലെസ് വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായാണ് ട്രായ്‌യുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വയര്‍ലെസ് (മൊബൈല്‍) വിപണി വിഹിതത്തില്‍ 92.10 ശതമാനവും അടക്കിവാഴുന്നത് സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു.
ജിയോ ഒന്നും എയര്‍ടെല്‍ രണ്ടും വി മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. പൊതുമേഖല കമ്പനികളായ ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിനും ആകെ 7.90 ശതമാനം വിപണി വിഹിതമേ വയര്‍ലെസ് രംഗത്ത് ഇന്ത്യയിലുള്ളൂ.





