
ന്യൂഡല്‍ഹി: ക്രിപ്‌റ്റോ വിലകള്‍ ഇടിഞ്ഞതിന്റെ നല്ല വശം തട്ടിപ്പുകള്‍ കുറഞ്ഞുവെന്നതാണ്. ഈ വര്‍ഷം ഇതുവരെ 1.6 ബില്യണ്‍ ഡോളറിന്റെ ക്രിപ്‌റ്റോ തട്ടിപ്പുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2021 ജൂലൈയേക്കാള്‍ 65 ശതമാനം കുറവ്.
ബിറ്റ്‌കോയിന്‍ വിലയിടിവിന് അനുസൃതമായാണ് തട്ടിപ്പിലും കുറവ് വന്നത്. എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 68,500 ഡോളറില്‍ നിന്നും ചുരുങ്ങി 23,451 ഡോളറിലാണ് നിലവില്‍ ബിറ്റ്‌കോയിനുള്ളത്. അതേസമയം തട്ടിപ്പ് പദ്ധതികളില്‍ ചേരുന്നവരുടെ എണ്ണം നാലില്‍ ഒന്നായി ചുരുങ്ങി.
ഡാറ്റ സ്ഥാപനമായ ചെയ്ന്‍അനാലിസിസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. നിലവിലെ തട്ടിപ്പ് സ്‌ക്കീമുകള്‍ കുറഞ്ഞ റിട്ടേണുകള്‍ വാഗ്ദാനം ചെയ്യുന്നവയും ആകര്‍ഷകമല്ലാത്തവയുമാണെന്ന് ചെയ്ന്‍അനാലിസിസിലെ റിസര്‍ച്ച് ലീഡ് എറിക് ജാര്‍ഡിന്‍ പറയുന്നു.
അനുഭവപരിചയമില്ലാത്ത ആളുകള്‍ വിപണിയിലില്ലാത്തതും തട്ടിപ്പ് കുറയുന്നതിന് കാരണമാണ്. ഇതോടെ ഇത്തരം സ്‌ക്കീമുകളില്‍ കുടുങ്ങുന്നവരുടെ എണ്ണവും കുറഞ്ഞു. അതേസമയം ഹാക്കിംഗ് വഴിയുള്ള ക്രിപ്‌റ്റോ മോഷണങ്ങള്‍ 2022 ല്‍ വര്‍ധിച്ചിട്ടുണ്ട്.
2021 ല്‍ 1.2 ബില്ല്യണ്‍ മോഷ്ടിക്കപ്പെട്ട സ്ഥാനത്ത് 2022 ജൂലൈ വരെ 1.9 ബില്യണ്‍ ക്രിപ്‌റ്റോകളാണ് ഹാക്കിംഗ് വഴി മോഷ്ടിക്കപ്പെട്ടത്.