
മുംബൈ: ഫ്യൂച്വര്‍ ആന്റ് ഓപ്ഷന്‍സ് കോണ്‍ട്രോക്ടിന്റെ ലോട്ട് വലിപ്പം നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) പരിഷ്‌ക്കരിച്ചു. നാല് പ്രധാന സൂചികകള്‍ക്കും ബാധകമായ നടപടി ഒക്ടോബര്‍ 28 ന് പ്രാബല്യത്തില്‍ വരും.
നിഫ്റ്റി50 ലോട്ട് വലിപ്പം 75 ല്‍ നിന്ന് 65 ആയും നിഫ്റ്റി ബാങ്കിന്റേത് 35 ല്‍ നിന്ന് 30 ആയും നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 65 ല്‍ നിന്ന് 60 ആയും നിഫ്റ്റി മിഡ് സെലക്ട് സൂചികയുടേത് 140 ല്‍ നിന്നും 120 ആയും പരിഷ്‌ക്കരിച്ചു.
നിഫ്റ്റി നെക്സ്റ്റ് 50 സൂചിയുടെ ഡെറിവേറ്റീവ് കരാര്‍ ലോട്ട് മാറ്റമില്ലാതെ തുടരും. പ്രതിവാര, പ്രതിമാസ കരാറുകളുടെ നിലവിലുള്ള ലോട്ട് വലുപ്പത്തിലുള്ള അവസാന കാലാവധി 2025 ഡിസംബര്‍ 23 ആണ്. അതേസമയം പ്രതിമാസ നിഫ്റ്റി, ബാങ്ക് നിഫ്റ്റി കരാര്‍ ഡിസംബര്‍ 30 ന് അവസാനിക്കും.
“കരാറുകള്‍ താങ്ങാനാവുന്നതും നിലവാരമുള്ളതുമായി നിലനിര്‍ത്തുന്നതിനും, കരാര്‍ മൂല്യം ഒരു സ്റ്റാന്‍ഡേര്‍ഡ് പരിധിക്കുള്ളില്‍ നിലനിര്‍ത്താനും ഫ്യൂച്ചേഴ്സ് & ഓപ്ഷന്‍സ് കരാറുകളുടെ ലോട്ട് വലുപ്പങ്ങള്‍ പരിഷ്‌കരിക്കുന്നു. ഡെറിവേറ്റീവുകള്‍ ലിവറേജ് ചെയ്ത ഉപകരണങ്ങളായതിനാല്‍, വ്യാപാരികള്‍ കരാറിന്റെ മുഴുവന്‍ മൂല്യവും മുന്‍കൂട്ടി നല്‍കേണ്ടതില്ല. ലോട്ട് വലുപ്പമാണ് അവരുടെ എക്‌സ്‌പോഷറും ആവശ്യമായ മാര്‍ജിനും നിര്‍ണ്ണയിക്കുന്നത്. മാര്‍ക്കറ്റ് കാര്യക്ഷമതയും ലിക്വിഡിറ്റിയും ഉറപ്പാക്കുന്നതിനും വിശാലമായ ഒരു കൂട്ടം മാര്‍ക്കറ്റ് പങ്കാളികള്‍ക്ക് കൂടുതല്‍ സ്വീകാര്യമായ കരാറുകള്‍ നല്‍കുന്നതിനും പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നു, “എന്‍എസ്ഇ അറിയിച്ചു.