
ഇനി എളുപ്പത്തിൽ നിങ്ങളുടെ മൊബൈൽ കണക്ഷൻ സിം പ്രീപെയ്‌ഡിൽ നിന്ന് പോസ്റ്റ്‌പെയ്‌ഡിലേക്കോ പോസ്റ്റ്‌പെയ്‌ഡിൽ നിന്നും പ്രീപെയ്‌ഡിലേക്കോ മാറ്റാം.
രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ വരിക്കാരുടെ സിം കാർഡുകളുമായി ബന്ധപ്പെട്ട ഒരു പ്രധാന നിയമം ഇപ്പോൾ മാറിയിരിക്കുന്നു. പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് മൊബൈൽ കണക്ഷനുകൾക്കിടയിൽ മാറുന്ന പ്രക്രിയ ഒടിപി അടിസ്ഥാനമാക്കിയാണ് ടെലികോം വകുപ്പ് (DOT) ലളിതമാക്കിയത്.
30 ദിവസത്തിന് ശേഷം പ്രീപെയ്‌ഡിൽ നിന്ന് പോസ്റ്റ്‌പെയ്‌ഡിലേക്കോ പോസ്റ്റ്‌പെയ്‌ഡില്‍ നിന്നും പ്രീപെയ്‌ഡിലേക്കോ മാറാൻ കഴിയും. മുമ്പ് ഒരാൾക്ക് അങ്ങനെ ചെയ്യാൻ 90 ദിവസം കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാൽ 2025 ജൂൺ 10-ന് പുറപ്പെടുവിച്ച പുതിയ നിർദ്ദേശം അനുസരിച്ച്, പുനഃക്രമീകരണത്തിനുള്ള നിർബന്ധിത കൂളിംഗ്-ഓഫ് കാലയളവ് ടെലികോം വകുപ്പ് കുറച്ചു.
സർക്കാരിന്റെ ഈ നീക്കം പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് പ്ലാനുകൾക്കിടയിൽ മാറുന്ന ദശലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കൾക്ക് ആശ്വാസമാകും. അതേസമയം, ടെലികോം വകുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്ത കൂടിയുണ്ട്.
ഡാറ്റാ സുരക്ഷയ്ക്കായി ബിഎസ്എൻഎൽ സേവനങ്ങൾ ഉപയോഗിക്കാൻ ടെലികോം വകുപ്പ് സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു.
ബിഎസ്‌എൻഎല്ലിനൊപ്പം മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിന്‍റെ (എംടിഎൻഎൽ) ടെലികോം സേവനം ഉപയോഗിക്കാനും സംസ്ഥാന സർക്കാരുകളോട് ടെലികോം വകുപ്പ് കത്തിൽ നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.