
തിരുവനന്തപുരം: നിര്‍മിത ബുദ്ധി അധിഷ്ഠിത സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കുന്ന കേരള സ്റ്റാര്‍ട്ടപ് മിഷന് കീഴിലുള്ള ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പായ നൊവാനിക്സ് ഇന്നൊവേഷന്‍സ് പ്രവര്‍ത്തനമാരംഭിച്ചു. നൊവാനിക്സ് ഇന്നൊവേഷന്‍സിന്‍റെ വെബ്സൈറ്റ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ അനൂപ് അംബിക ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് ഗുണകരമാവുന്ന വിധത്തില്‍ മനുഷ്യവിഭവശേഷി ശക്തിപ്പെടുത്താന്‍ സഹായകമാകുന്ന എഐ അധിഷ്ഠിത സേവനങ്ങളും ഉത്പന്നങ്ങളും നൊവാനിക്സ് ഇന്നൊവേഷന്‍സിലൂടെ ലഭ്യമാകുമെന്നത് അഭിമാനകരമാണെന്ന് അനൂപ് അംബിക പറഞ്ഞു. മനുഷ്യ ബുദ്ധിയെയും കൃത്രിമ ബുദ്ധിയെയും ഒരുമിച്ച് കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി വിഭാവനം ചെയ്ത ഒരു യാത്രയുടെ തുടക്കമാണിതെന്ന് നൊവാനിക്സ് ഇന്നൊവേഷന്‍സ് സ്ഥാപകനും സിഇഒ യുമായ സായി ഗണേഷ് പറഞ്ഞു. നൊവാനിക്സിന്‍റെ ആദ്യ ഉത്പന്നം ഉടന്‍ തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.