
നോയിഡ: റഷ്യൻ എണ്ണക്ക് വിലപരിധി നിശ്ചയിക്കുമെന്ന ജി7 രാജ്യങ്ങളുടെ ഭീഷണി കാര്യമാക്കുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി.
എന്താണ് നടക്കുന്നതെന്ന് അപ്പോൾ കാണാം. മോദി സർക്കാറിന് ഒരു സമ്മർദവുമില്ല. ഞങ്ങൾക്ക് ഭയമോ ആശങ്കയോ ഇല്ല. റഷ്യൻ എണ്ണയുടെ വിതരണത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ വിപണി തന്നെ അത് പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബർ അഞ്ച് മുതൽ റഷ്യൻ എണ്ണക്ക് വില പരിധി നിശ്ചയിക്കുമെന്ന് ജി 7 രാജ്യങ്ങളുടെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് ഹർദീപ് സിങ് പുരി മറുപടി നൽകിയത്. ലോക എൽ.പി.ജി വാരത്തോട് അനുബന്ധിച്ച് ഗ്രേറ്റർ നോയിഡയിൽ നടത്തിയ പരിപാടിയിലാണ് അദ്ദേഹത്തിന്റെ പരാമർശം.
റഷ്യയുടെ എണ്ണയിൽ നിന്നുളള വരുമാനം കുറക്കുന്നതിനാണ് വിലപരിധി നിശ്ചയിക്കുമെന്ന് ജി7 രാജ്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ, ജി 7 രാജ്യങ്ങളുടെ വിലപരിധി അംഗീകരിക്കുന്നവർക്ക് എണ്ണ നൽകില്ലെന്നാണ് റഷ്യയുടെ ഭീഷണി.
നേരത്തെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് പല രാജ്യങ്ങളും റഷ്യയിൽ നിന്നും എണ്ണവാങ്ങുന്നത് നിർത്തിയെങ്കിലും ഇന്ത്യ കുറഞ്ഞ വിലക്ക് രാജ്യത്ത് നിന്ന് പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതി നടത്തുന്നത് തുടർന്നിരുന്നു.