
മുംബൈ: അമേരിക്കയുമായുള്ള സ്വതന്ത്രവ്യാപാരക്കരാർ വൈകുന്ന സാഹചര്യത്തിൽ ഇന്ത്യൻ കയറ്റുമതിക്കാർക്കുള്ള അമേരിക്കയിൽനിന്നുള്ള ഓർഡറുകൾ നഷ്ടമാകാൻ സാധ്യത. വസ്ത്രം, തുകൽ ചെരിപ്പുകൾ, അലങ്കാരവസ്തുക്കൾ തുടങ്ങിയ ഉത്പന്നങ്ങൾക്ക് അമേരിക്കയിലെ വേനൽക്കാല വിപണി ഇത്തവണ നഷ്ടമാകുമെന്നാണ് ആശങ്ക.
2026 ആദ്യ പകുതിയിലെങ്കിലും കരാർ യാഥാർഥ്യമായില്ലെങ്കിൽ കടുത്തവെല്ലുവിളിയാണ് കയറ്റുമതിമേഖലയെ കാത്തിരിക്കുന്നത്.
പിഴത്തീരുവയടക്കം അമേരിക്ക ചുമത്തിയിട്ടുള്ള 50 ശതമാനം തീരുവ ഇതിനകം അമേരിക്കയിലേക്കുള്ള കയറ്റുമതിയെ വലിയ അളവിൽ ബാധിച്ചിട്ടുണ്ട്.
രാജ്യത്ത് തൊഴിലവസരങ്ങൾ കൂടുതലായി കേന്ദ്രീകരിച്ചിട്ടുള്ള വസ്ത്രം, കരകൗശലവസ്തുക്കൾ, തുണി, രത്ന-ആഭരണം, തുകലുത്പന്നങ്ങൾ തുടങ്ങിയ മേഖലകളിലാണ് ആഘാതം രൂക്ഷമായത്. വ്യാപാരക്കരാറിനായി അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കരാർ ഒപ്പുവെക്കുന്നതിലേക്കെത്തിയിട്ടില്ല.
ഇന്ത്യയുടെ കാർഷിക-പാൽ വിപണി തുറന്നുകിട്ടുന്നതിനുള്ള അമേരിക്കയുടെ കടുംപിടിത്തമാണ് കരാറിൽ പ്രധാനതടസ്സം.
വേനൽക്കാല വിപണിക്കായി തുകൽ ഷൂ കയറ്റുമതിക്ക് ജനുവരി 15-നകം ഓർഡറുകൾ ലഭ്യമാകേണ്ടതാണ്. എന്നാൽ, ഇതിൽ അനിശ്ചിതത്വം തുടരുകയാണ്. തീരുവയെ മറികടക്കാൻ ജൂവലറിക്കയറ്റുമതി രംഗത്തെ ചില സ്ഥാപനങ്ങൾ ഉപകമ്പനികൾക്കു രൂപംനൽകി യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് ഉത്പാദനം മാറ്റുന്നതിനു നടപടികൾ തുടങ്ങിയിട്ടുണ്ട്.
അതേസമയം, വസ്ത്രനിർമാണ കമ്പനികളിൽ ചിലത് ആഫ്രിക്കൻ രാജ്യങ്ങളിൽ ഉത്പാദനത്തിന് വഴികൾ തേടുന്നു. കയറ്റുമതിക്കാർക്ക് ഇതല്ലാതെ മറ്റുവഴികളില്ലെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടി.






