
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഒക്ടോബറില്‍ കുതിച്ചുയര്‍ന്നു. സെന്‍സെക്സ് 5 ശതമാനം അഥവാ 4159 പോയിന്റും നിഫ്റ്റി 410 പോയിന്റ് അഥവാ 5 ശതമാനവുമാണ് ഉയര്‍ന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ (എഫ്ഐഐ) തിരിച്ചുവരവ് നിര്‍ണ്ണായകമായി.
കഴിഞ്ഞ മൂന്ന് മാസത്തില്‍ 76,600 കോടി രൂപ പിന്‍വലിച്ച അവര്‍ നടപ്പ് മാസത്തില്‍ 7300 കോടി രൂപയിലധികം നിക്ഷേപിക്കുകയായിരുന്നു. ഇന്ത്യന്‍ ഓഹരികളുടെ മോശം ഘട്ടം ഏതാണ്ട് അവസാനിച്ചുവെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. സംവത് 2082 ല്‍ വിപണി ശക്തമായ പ്രകടനം നടത്തുമെന്ന് ഓമ്നിസയന്‍സ് ക്യാപിറ്റല്‍ സിഇഒ ഡോ. വികാസ് ഗുപ്ത പറഞ്ഞു.
മെച്ചപ്പെട്ട ഭൗമ സാഹചര്യങ്ങള്‍, പലിശ നിരക്ക് കുറയ്ക്കല്‍, വ്യാപാര തര്‍ക്കങ്ങളുടെ പരിഹാരം എന്നിവ കാരണമാണിത്. കോര്‍പറേറ്റ് വരുമാനത്തിലെ പുരോഗതിയെ ആശ്രയിച്ചായിരിക്കും പുരോഗതിയെന്ന് ജിയോജിത് നിക്ഷേപ തന്ത്രജ്ഞന്‍ ഡോ. വികെ വിജയകുമാര്‍ അറിയിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ശരാശരി 24 ശതമാനമായിരുന്ന വരുമാന വളര്‍ച്ച, നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ അഞ്ച് ശതമാനമായി കുറഞ്ഞിട്ടുണ്ട്. ദുര്‍ബലമായ ലാഭ വളര്‍ച്ച വിപണി നേട്ടങ്ങളെ പരിമിതപ്പെടുത്തിയേക്കാം. ഉത്സവ സീസണിന്റെ തുടക്കത്തില്‍ ദൃശ്യമായ വില്‍പന വര്‍ദ്ധനവ് വരുമാനം വീണ്ടെടുക്കുമെന്നതിന്റെ സൂചനയാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം എട്ട് മുതല്‍ പത്ത് ശതമാനം വരെ വളര്‍ന്നേയ്ക്കാം. അതിന് ശേഷം 15 ശതമാനത്തിലേയ്ക്ക് ഉയരാന്‍ സാധ്യതയുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ ഓഹരികള്‍ മികച്ച ആദായം നല്‍കും.
സംവത് 2082 കാലയളവില്‍ നിഫ്റ്റി 27,600-ലും സെന്‍സെക്സ് 90,100-ലും എത്തുമെന്ന് വെഞ്ചുറ സെക്യൂരിറ്റീസിലെ ഗവേഷണ മേധാവി വിനിത് ബൊളിഞ്ച്കര്‍ പറഞ്ഞു. വരുമാനം വീണ്ടെടുപ്പ് ഘട്ടത്തിലാണെന്നും ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ നടപ്പിലാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. പുതിയ സംഭവങ്ങള്‍ അത്തരമൊരു ഘട്ടത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. അതേസമയം അടിസ്ഥാന സൗകര്യ രംഗത്തെ സര്‍ക്കാര്‍ ചെലവുകളും പലിശനിരക്ക് കുറയ്ക്കലും വിപണിയെ സംബന്ധിച്ച് അനിവാര്യ ഘടകങ്ങളാണ്.