
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 862.23 പോയിന്റ് അഥവാ 1.04 ശതമാനം ഉയര്‍ന്ന് 83467.66 ലെവലിലും നിഫ്റ്റി 261.75 പോയിന്റ് അഥവാ 1.03 ശതമാനം ഉയര്‍ന്ന് 25585.30 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2240 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1756 ഓഹരികള്‍ തിരിച്ചടി നേരിട്ടു.
138 ഓഹരി വിലകളില്‍ മാറ്റമില്ല. ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ്ലെ ഇന്ത്യ,ടൈറ്റന്‍, ആര്‍ബിഎല്‍ എന്നീ ഓഹരികളാണ് റാലിയ്ക്ക് നേതൃത്വം നല്‍കിയത്. ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, ഇന്‍ഫോസിസ്,ടിസിഎസ്,എല്‍ആന്റ്ടി, കോണ്‍ഫോര്‍ജ് എന്നിവ കനത്ത ഇടിവ് നേരിട്ടു.
മേഖലകളില്‍ നിഫ്റ്റി എഫ്എംസിജി 2 ശതമാനത്തിലധികവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, വാഹനം എന്നിവ 1.3-1.5 ശതമാനവും സ്വകാര്യബാങ്ക് 1.48 ശതമാനവും ഫിനാന്‍ഷ്യല്‍ സര്‍വീസസ് 0.7 ശതമാനവും റിയാലിറ്റി 1.9 ശതമാനവുമുയര്‍ന്നപ്പോള്‍ പൊതുമേഖല ബാങ്ക് 0.44 ശതമാനം ഇടിഞ്ഞു.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.07 ശതമാനവും 0.78 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഡിമാന്‍ഡ് ഉയരുമെന്ന പ്രതീക്ഷകള്‍, എഫ്‌ഐഐ നിക്ഷേപങ്ങളുടെ ഒഴുക്ക്, ഡോളര്‍ സൂചികയിലെ നേരിയ കുറവ് എന്നിവയാണ് വിപണി പ്രതീക്ഷകളെ ആളിക്കത്തിച്ചത്. ഇന്ത്യന്‍ രൂപയുടെ മൂല്യവര്‍ദ്ധനവും തണയായി.
ദീര്‍ഘകാല പ്രകടനം, കോര്‍പറേറ്റ് ഫലങ്ങളേയും ആഗോള വ്യാപാരത്തിലെ പുരോഗതിയേയും ആശ്രയിച്ചിരിക്കുമെന്ന് ജിയോജിത്ത് ഇന്‍വെസ്റ്റ്‌മെന്റ് ഗവേഷണ മേധാവി വിനോദ് നായര്‍ പറഞ്ഞു.