
ന്യൂഡൽഹി: ഏപ്രിൽ 1 മുതൽ 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്‌തു ഇടപാടുകൾക്കു മാത്രമേ പാൻ നൽകേണ്ടതുള്ളൂ. പുതിയ സാമ്പത്തികവർഷം പ്രാബല്യത്തിൽ വരുന്ന പുതിയ ആദായ നികുതി നിയമത്തിന്റെ ഭാഗമായുള്ള ചട്ടത്തിലാണ് വ്യവസ്ഥയുള്ളത്. ചട്ടം കഴിഞ്ഞ ദിവസം ധനമന്ത്രാലയം വിജ്‌ഞാപനം ചെയ്തു.
വസ്‌തു വിൽപ്പന നടക്കുമ്പോൾ നികുതി ആവശ്യങ്ങൾക്കും നിരീക്ഷണത്തിനുമായി നിലവിൽ 10 ലക്ഷം രൂപയ്ക്കു മേലുള്ള ഇടപാടുകളിൽ പാൻ നിർബന്ധമായിരുന്നു. ചെറു ഇടപാടുകൾക്കു പകരം വലിയ ഇടപാടുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടാണ് പരിധി ഉയർത്തിയത്.
അതേസമയം, ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ തന്നെ പാൻ നമ്പർ രേഖപ്പെടുത്താനുള്ള നീക്കം ആദായനികുതി വകുപ്പ് ഉപേക്ഷിച്ചു. ഒരു സാമ്പത്തിക വർഷം ആകെ 50,000 രൂപ പ്രീമിയം അടയ്ക്കുന്നുണ്ടെങ്കിൽ മാത്രം പാൻ നൽകിയാൽ മതിയെന്ന വ്യവസ്ഥ പുതിയ ചട്ടത്തിലും നിലനിർത്തി. കരടുചട്ടത്തിൽ ഇൻഷുറൻസ് അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ പാൻ നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നെങ്കിലും അന്തിമ വിജ്ഞാപനത്തിൽ തൽസ്‌ഥിതി തുടരാൻ തീരുമാനിക്കുകയായിരുന്നു.
പുതിയ നിയമം പ്രാബല്യത്തിലാകുന്നതിന്‍റെ ഭാഗമായി പരിഷ്കരിച്ച വെബ്സൈറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റ്: www.incometaxindia.gov.in
കുട്ടികളുടെ വിദ്യാഭ്യാസം: ഇളവ് പരിധി കൂട്ടി
പഴയ ആദായനികുതി സ്കീമിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസിന് ലഭിച്ചിരുന്ന നികുതിയിളവ് പരിധി വർധിപ്പിച്ചു. നിലവിൽ ഒരു കുട്ടിക്ക് പ്രതിമാസം 100 രൂപ വരെയുള്ള അലവൻസിനാണ് നികുതി ഇളവ് ബാധകമായിരുന്നത്. ഈ പരിധി 3,000 രൂപയാക്കി വർധിപ്പിച്ചു. 2 കുട്ടികൾക്ക് മാത്രമേ ഇളവ് ലഭിക്കൂ.
5 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനം വാങ്ങിയാൽ മാത്രം പാൻ നമ്പർ നൽകിയാൽ മതിയാകും. നിലവിൽ ഇരുചക്രവാഹനങ്ങൾ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും പാൻ നൽകണമായിരുന്നു. പുതിയ വ്യവസ്‌ഥയിൽ ഇരുചക്രവാഹനവും ഉൾപ്പെടുത്തി. 5 ലക്ഷം രൂപയെന്ന പരിധി അതിനും ബാധകമാണ്.
ഹോട്ടൽ/റസ്‌റ്ററന്റ്റ് ബിൽ, കൺവൻഷൻ സെന്റർ/ബാങ്ക്വറ്റ് ഹാൾ ചെലവ്, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയവയ്ക്ക് 50,000 രൂപയായിരുന്ന പരിധി ഒരു ലക്ഷം രൂപയാക്കി.
ബാങ്കുകളിലെയും പോസ്‌റ്റ് ഓഫിസിലെയും നിക്ഷേപങ്ങളാണെങ്കിൽ നിലവിൽ പ്രതിദിനം 50,000 രൂപ നിക്ഷേപിച്ചാൽ പാൻ വേണം. ഇനി ഒരു സാമ്പത്തികവർഷത്തെ മൊത്തം നിക്ഷേപം 10 ലക്ഷം രൂപയ്ക്കു മുകളിലായാൽ മാത്രം പാൻ നൽകിയാൽ മതി. ബാങ്ക് പിൻവലിക്കലിനും ചട്ടം സമാനമായിരിക്കും.
പ്രതിവർഷം ഒരു ലക്ഷം രൂപയ്ക്കു മേൽ വാടക നൽകുന്നവർ നിർബന്ധമായും ഹൗസ് ഓണറുടെ പാൻ നമ്പർ നൽകിയിരിക്കണം. ഹൗസ് ഓണറുമായി വാടകക്കാരന് ബന്ധമുണ്ടെങ്കിൽ അതും വ്യക്തമാക്കണം.
വീട്ടുവാടക അലവൻസുമായി (എച്ച്ആർഎ) ബന്ധപ്പെട്ട ഉയർന്ന നികുതിയിളവ് ഇളവ് (50%) ബാധകമായ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു, പുണെ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവയും ഉൾപ്പെട്ടു.
ഇതുവരെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ നഗരങ്ങളിലുള്ളവർക്ക് മാത്രമായിരുന്നു 50% ഇളവുണ്ടായിരുന്നത്. മറ്റെല്ലാ നഗരങ്ങൾക്കും 40% വരെയാണ് ഇളവ്.






