
മുംബൈ: റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണശേഖരത്തെ സംബന്ധിക്കുന്ന ഏറ്റവും പുതിയ കണക്കുകൾ പുറത്ത്. 879.58 മെട്രിക് ടൺ സ്വർണമാണ് ആർ.ബി.ഐയുടെ കൈവശം ഇപ്പോഴുള്ളത്. മൂല്യം കണക്കാക്കുമ്പോൾ 4,31,624.8 കോടി രൂപ വരും റിസർവ് ബാങ്കിന്റെ കൈയിലുള്ള സ്വർണത്തിന്.
ഇക്കഴിഞ്ഞ മാർച്ച് 31ലെ കണക്കാണിത്.
2024 മാർച്ചിൽ 822.10 മെട്രിക ടണ്ണാണ് ആർ.ബി.ഐയുടെ പക്കലുണ്ടായിരുന്നത്. അന്നത്തെ വിലയനുസരിച്ച് 2,74,714.27 കോടി രൂപയുടെ സ്വർണം. ഒരു വർഷത്തിനിടയിലുണ്ടായ മൂല്യവർധനവ് 57.12 ശതമാനം.
ഒരു വർഷത്തിനിടയിൽ 54.13 മെട്രിക് ടൺ സ്വർണ്ണം കൂട്ടിചേർക്കപ്പെട്ടതും സ്വർണ്ണ വിലയിലുണ്ടായ വർധനവുമാണ് നേട്ടത്തിന് കാരണമെന്ന് ആർ.ബി.ഐയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്താണ് റിസർവ് ബാങ്ക് സ്വർണ ശേഖരം വർധിപ്പിക്കുന്നത്.
ആകെ കൈവശമുള്ള സ്വർണ്ണത്തിൽ 311.38 ടൺ ഇഷ്യു വകുപ്പിന്‍റെ കീഴിലാണ്. ബാക്കി 568.20 ടൺ ബാങ്കിംഗ് വകുപ്പിന് കീഴിലാണ്. ലോകവ്യാപകമായി കേന്ദ്രബാങ്കുകൾ സ്വന്തം കറൻസിയെ സംരക്ഷിക്കാനും സുരക്ഷിത നിക്ഷേപമെന്ന നിലയിലും സ്വർണം കരുതൽശേഖരമായി വാങ്ങിക്കൂട്ടുന്നുണ്ട്.
കറന്‍സിയുടെ മൂല്യത്തിലുള്ള വ്യതിയാനങ്ങള്‍ പ്രതിരോധിക്കാൻ മൂല്യമേറിയ സ്വർണശേഖരം സഹായിക്കും. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ മാറിയിരുന്നു. സ്വർണശേഖരത്തിന്റെ കണക്കിൽ ഏഴാമതാണ് ഇന്ത്യ.
ഈയടുത്ത കാലത്തായി ഇന്ത്യയുടെ വിദേശകരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് വലിയ രീതിയിൽ വർധിക്കുകയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തിയിട്ടുണ്ട്.