മുംബൈ: ക്രെഡിറ്റ്- ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള എല്ലാ ഓണ്‍ലൈൻ, പോയിന്റ് ഓഫ് സെയിൽ, ഇൻ ആപ്പ് പണമിടപാടുകൾക്കും സേവനദാതാക്കൾ ടോക്കണ്‍ സംവിധാനം നടപ്പാക്കണമെന്ന ചട്ടം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവരും. ഉപയോക്താക്കളുടെ കാർഡ് വിവരങ്ങൾ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അടക്കമുള്ള വ്യാപാരികൾ തങ്ങളുടെ സേർവറുകളിൽ സൂക്ഷിച്ചുവയ്ക്കുന്നതിലൂടെയുണ്ടാകാനിടയുള്ള സുരക്ഷാപ്രശ്നങ്ങൾ പരിഗണിച്ചാണു മാറ്റം. കാർഡ് വിവരങ്ങൾ കോഡ് രൂപത്തിലാക്കി സൂക്ഷിച്ചുവയ്ക്കുന്നതിനാണു ടോക്കണ്‍ എന്നു പറയുന്നത്.
പുതിയ ചട്ടം നിലവിൽവരുന്നതിനാൽ ഇതുവരെ സൂക്ഷിച്ചുവച്ചിരുന്ന, ഇടപാടുകാരുടെ കാർഡ് വിവരങ്ങൾ വ്യാപാരികൾ ഈ മാസം മുപ്പതിനകം തങ്ങളുടെ സേർവറിൽനിന്നു നീക്കം ചെയ്യണമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. അതേസമയം, ഉപയോക്താക്കൾ ടോക്കണ്‍ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് നിർബന്ധമില്ല. ടോക്കണൈസേഷനിലേക്ക് മാറിയില്ലെങ്കിൽ ഓരോ തവണ ഷോപ്പിംഗ് നടത്തുന്പോഴും മുഴുവൻ കാർഡ് നന്പറും നല്കേണ്ടിവരുമെന്നു മാത്രം.
പ്രവർത്തനരീതി
എതെങ്കിലും പ്ലാറ്റ്ഫോമിലൂടെ ഓണ്‍ലൈൻ ഇടപാട് നടത്തുന്പോൾ അവർ ഉപയോക്താവിന്റെ കാർഡ് ടോക്കണ്‍ സംവിധാനത്തിലേക്കു മാറ്റുന്നതിന് അനുമതി ചോദിക്കും. അനുമതി നല്കുന്ന പക്ഷം പ്ലാറ്റ്ഫോം കാർഡ് ടോക്കണൈസേഷനിലേക്കു മാറ്റുന്നതിനുള്ള അപേക്ഷ കാർഡ് നെറ്റ്വർക്കിലേക്കു നല്‍കും. തുടർന്ന് കാർഡ് നെറ്റ്വർക്ക്, ടോക്കണ്‍ തയ്യാറാക്കി നല്‍കുകയാണ് ചെയ്യുന്നത്. ഈ ടോക്കണ്‍ പ്ലാറ്റ്ഫോമിനു ഭാവിയിലെ ഇടപാടുകൾക്കായി സൂക്ഷിച്ചുവയ്ക്കാനാകും. പിന്നീടുള്ള ഓരോ ഇടപാടുകൾക്കും ഉപയോക്താവ് ഒടിപിയും സിവിവിയും മാത്രം നല്കിയാൽ മതി.