
മുംബൈ: റേഡിയോ-ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇലക്ട്രോണിക് ടോൾ പേയ്‌മെന്റുകൾക്കായി ദേശീയപാതകളില്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ഫാസ്ടാഗ് (FASTag).
വാഹനങ്ങളുടെ വിൻഡ്‌ഷീൽഡിൽ ഒട്ടിക്കാൻ നിര്‍ദേശിച്ചിട്ടുളള ഈ ടാഗുകൾ ചിലപ്പോൾ ശരിയായി പതിപ്പിക്കാത്ത അവസ്ഥയിൽ കാണപ്പെടുന്നത് ടോൾ പിരിവിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് പതിവാണ്. ഇതിനെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് ദേശീയപാത അതോറിറ്റി (NHAI).
ടോള്‍ പിരിവ് ഏജന്‍സികളോട് ഇത്തരം ഫാസ്ടാഗുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടനടി അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അതോറിറ്റി. കൃത്യമായി ഘടിപ്പിക്കാത്ത ഫാസ്ടാഗുകള്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നത് അടക്കമുളള നടപടികളാണ് സ്വീകരിക്കുക.
ഫാസ്ടാഗുകളില്‍ വാര്‍ഷിക പാസ് സിസ്റ്റവും മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (MLFF) ടോളിംഗും പോലുള്ള സംവിധാനങ്ങള്‍ ഓഗസ്റ്റ് 15 മുതല്‍ നടപ്പാക്കിനിരിക്കുകയാണ്. ഫാസ്ടാഗിന്റെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന് ഈ പ്രശ്നം പരിഹരിക്കേണ്ടത് നിർണായകമാണെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യക്തമാക്കുന്നു.
ഉടമകൾ വാഹനത്തിന്റെ വിൻഡ്‌സ്ക്രീനിൽ ചിലപ്പോൾ ഫാസ്റ്റ് ടാഗുകൾ മനഃപൂർവം ഘടിപ്പിക്കാത്ത പ്രവണതയും കണ്ടുവരുന്നു. ഇത്തരം രീതികൾ ടോള്‍ പിരിവില്‍ കാര്യമായ വെല്ലുവിളികളാണ് ഉയർത്തുന്നത്.
ടോള്‍ ബൂത്തുകളില്‍ വാഹനങ്ങളുടെ തിരക്ക്, തെറ്റായ നിരക്ക് ഈടാക്കല്‍ തുടങ്ങിയവ മൂലം ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനത്തിന്റെ മൊത്തത്തിലുള്ള തടസത്തിലേക്ക് ഇത് നയിക്കുന്നു. ടോൾ പ്ലാസകളിൽ അനാവശ്യ കാലതാമസത്തിനും മറ്റ് വാഹന ഉടമകള്‍ക്ക് അസൗകര്യത്തിനും കാരണമാകുന്നു.
ഫാസ്ടാഗ് ഇന്ത്യയിലെ ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനത്തിൽ വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചത്. 98 ശതമാനം വാഹനങ്ങളിലും നിലവില്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നുണ്ട്. കൃത്യമായി ഘടിപ്പിക്കാത്ത ഫാസ്ടാഗുകളുടെ ബ്ലാക്ക്‌ലിസ്റ്റിംഗ്/ഹോട്ട്‌ലിസ്റ്റിംഗ് നടപടി ദേശിയപാത അതോറിറ്റി താമസിയാതെ ആരംഭിക്കുന്നതാണ്.