
ന്യൂഡല്‍ഹി: കൂടുതല്‍ പിരിച്ചുവിടലിന് ഇന്ത്യന്‍ ഐടി കമ്പനികള്‍ നിര്‍ബന്ധിതരാകുമെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്റ് സര്‍വീസ് കമ്പനീസ് (നാസ്‌ക്കോം) മുന്നറിയിപ്പ്. എഐയും ഓട്ടോമേഷനും അരങ്ങുവാഴുന്ന സമയത്ത് പഴയ കഴിവുകള്‍ പര്യാപ്തമല്ലാത്തതാണ് കാരണം.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 12,000 ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്. നിലവില്‍ 6,13,000 ജീവനക്കാരാണ് ടിസിഎസിലുള്ളത്.
വേഗത, നവീകരണം, വഴക്കം എന്നിവയെക്കുറിച്ചുള്ള ക്ലയന്റുകളുടെ വര്‍ദ്ധിച്ചുവരുന്ന പ്രതീക്ഷകള്‍ക്കൊത്തുള്ള പ്രകടനം നടത്താന്‍ ഐടി കമ്പനികള്‍ നിര്‍ബന്ധിതരാവുകയാണ്. അതിനായി നിലവിലെ പ്രവര്‍ത്തന രീതിയില്‍ അവര്‍ മാറ്റം വരുത്തേണ്ടിവരും. കൂടാതെ കമ്പനികള്‍ ഉല്‍പ്പന്ന കേന്ദ്രീകൃത മോഡലുകളിലേക്ക് (സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുപകരം) മാറുന്നു.
ഇതോടെ പാരമ്പര്യ കഴിവുകള്‍ മാത്രമുള്ള ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും, നാസ്‌ക്കോം പ്രസ്താവനയില്‍ അറിയിച്ചു.
നൈപുണ്യത്തിലെ വിടവ് നികത്തുന്നതിന് വ്യവസായം, അക്കാദമിക് മേഖല, സര്‍ക്കാര്‍ എന്നിവ സഹകരിക്കണമെന്ന് വ്യവസായ സംഘടന അഭ്യര്‍ത്ഥിച്ചു.എഐ യുഗത്തില്‍ ഇന്ത്യയുടെ സാങ്കേതിക നേതൃത്വം നിലനിര്‍ത്തുന്നതിന് ഈ മാറ്റം അനിവാര്യമാണ്. സര്‍ക്കാര്‍ ഈ മാറ്റം ഉള്‍ക്കൊണ്ടിട്ടുണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.