
മുംബൈ: ബി-30 (മികച്ച 30 എണ്ണത്തിന് പുറത്തുള്ള നഗരങ്ങള്‍) നഗരങ്ങളിലെ വിതരണക്കാര്‍ക്കുള്ള ഇന്‍സെന്റീവുകള്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പുനരുജ്ജീവിപ്പിച്ചു. തീരുമാനത്തെ സ്വാഗതം ചെയ്ത മ്യൂച്വല്‍ ഫണ്ടുകള്‍ അതേസമയം സംവിധാനം വലിയ സ്വാധീനം ചെലുത്തില്ലെന്ന് മുന്നറിയിപ്പ് നല്‍കി.
2012 ലാണ് ബി-30 സ്‌ക്കീം ഇന്‍സെന്റീവ് സെബി ആദ്യം അവതരിപ്പിക്കുന്നത്. അര്‍ദ്ധനഗരങ്ങളിലും ഗ്രാമങ്ങളിലും മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വര്‍ദ്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. പദ്ധതി പ്രകാരം മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്ക് കമ്മീഷന്‍ നല്‍കി.
ഫലപ്രദമാകാത്തതും ദുരുപയോഗവും കാരണം 2023 ഫെബ്രുവരിയില്‍ റെഗുലേറ്റര്‍ സംവിധാനം നിര്‍ത്തലാക്കുകയും ചെയ്തു. ഇപ്പോള്‍ കര്‍ശ്ശനമായ നിബന്ധനകളോടെ ഇന്‍സെന്റീവ് സെബി തിരികെകൊണ്ടുവന്നിരിക്കുന്നു.
ഇത് പ്രകാരം വിതരണക്കാര്‍ക്ക് നിക്ഷേപത്തിന്റെയോ ആദ്യ വര്‍ഷ എസ്‌ഐപിയുടേയോ (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) 1 ശതമാനം കമ്മീഷന്‍ ലഭ്യമാകും. പരമാവധി ലഭിക്കുക 2000 രൂപയാണ്. പുതിയ നിക്ഷേപങ്ങള്‍ക്ക് മാത്രമായിരിക്കും ഇത് ബാധകം.
ഡ്യൂപ്ലിക്കേഷനും വഞ്ചനയും തടയാന്‍ പേയ്‌മെന്റ് ട്രാക്ക് ചെയ്യാനും തീരുമാനമായി. അതേസമയം പ്രോത്സാഹനങ്ങളില്ലാതെ തന്നെ ബി-30 നഗരങ്ങളില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വ്യാപകമാണെന്ന് വ്യവസായ പ്രതിനിധികള്‍ പറഞ്ഞു. മാത്രമല്ല, 2000 രൂപ വളരെ കുറഞ്ഞ കമ്മീഷനാണ്. മുന്‍പ് പരിധിയില്ലാത്ത കമ്മീഷന്‍ ലഭ്യമായിരുന്നു.
ഇത് വിതരണക്കാര്‍ മേഖലയിലേയ്ക്ക് കടന്നുവരുന്നത് തടയും. അതുകൊണ്ടുതന്നെ നിക്ഷേപങ്ങളില്‍ നാടകീയമായ ഒരു വര്‍ദ്ധനവ് വ്യവസായം പ്രതീക്ഷിക്കുന്നില്ല.