
2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ മ്യൂച്വൽ ഫണ്ട് മേഖല മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. മ്യൂച്വൽ ഫണ്ട് കമ്പനികൾ (AMCs) മൊത്തത്തിൽ 20,000 കോടി രൂപയിലേറെ ലാഭം നേടി.
മുൻ സാമ്പത്തിക വർഷത്തെ 15,760 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭത്തിൽ 27 ശതമാനത്തിന്റെ ഗണ്യമായ വർധനവാണുണ്ടായത്. നികുതിക്ക് ശേഷമുള്ള ആകെ ലാഭം 14,917 കോടി രൂപയായി കണക്കാക്കപ്പെടുന്നു. വിപണിയിലെ ഉണർവും നിക്ഷേപകരുടെ വർധിച്ച പങ്കാളിത്തവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ.
ലാഭവിഹിതത്തിൽ ഐസിഐസിഐ പ്രൂഡൻഷ്യൽ എഎംസിയാണ് മുൻനിരയിൽ നിൽക്കുന്നത്. ഏകദേശം 3,500 കോടി രൂപയുടെ നികുതിക്ക് മുമ്പുള്ള ലാഭവും (PBT) 2,650 കോടി രൂപ അറ്റാദായവും നേടിയാണ് കമ്പനി ഒന്നാമതെത്തിയത്.
തൊട്ടുപിന്നാലെ 3,400 കോടി രൂപയുമായി എസ്ബിഐ എഎംസിയും, 3,300 കോടി രൂപയുമായി എച്ച്ഡിഎഫ്‌സി എഎംസിയും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നിപ്പോൺ ഇന്ത്യ, ആദിത്യ ബിർള സൺ ലൈഫ് എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തിയപ്പോൾ യുടിഐ, കോട്ടക് മഹീന്ദ്ര, മോത്തിലാൽ ഓസ്വാൾ തുടങ്ങിയ കമ്പനികളും മികച്ച പ്രകടനം കാഴ്ചവെച്ചു.
മൊത്തം 28 മ്യൂച്വൽ ഫണ്ട് കമ്പനികൾ ലാഭമുണ്ടാക്കിയപ്പോൾ, 16 എഎംസികൾ നഷ്ടം നേരിട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ കമ്പനികളായ ബജാജ് ഫിൻസെർവ്, ഗ്രോ (Groww), ട്രസ്റ്റ് എന്നിവയുൾപ്പെടെയുള്ളവ ഈ സാമ്പത്തിക വർഷം നഷ്ടം രേഖപ്പെടുത്തിയവരുടെ പട്ടികയിലുണ്ട്.
ഇതിനുപുറമെ ജെഎം ഫിനാൻഷ്യൽ, ഐടിഐ എഎംസി, പിജിഐഎം ഇന്ത്യ എന്നീ കമ്പനികളും 2025 സാമ്പത്തിക വർഷത്തിൽ തിരിച്ചടി നേരിട്ടു. പുതിയ കമ്പനികളുടെ വിപണി പ്രവേശനവും പ്രവർത്തനച്ചെലവിലുണ്ടായ വർധനവുമാകാം ചിലർക്ക് നഷ്ടമുണ്ടാകാൻ കാരണമായത്.






