
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തില്‍ 30.5 കോടി രൂപ അറ്റാദായം കൈവരിച്ചു.
സ്ഥാപനത്തിന്‍റെ വ്യക്തിഗത വായ്പകള്‍ 257.2 കോടി രൂപയിലും എത്തിയിട്ടുണ്ട്. ത്രൈമാസാടിസ്ഥാനത്തില്‍ 28.1 ശതമാനം വര്‍ധനവോടെ 2,273.9 കോടി രൂപയുടെ വായ്പകളും കമ്പനി വിതരണം ചെയ്തിട്ടുണ്ട്.
ദീര്‍ഘകാല വായ്പാ സൗകര്യങ്ങള്‍ /എന്‍സിഡികളുടെ ക്രിസില്‍ റേറ്റിങ് സ്റ്റേബിളില്‍ നിന്നു പോസിറ്റീവ് ആയി ഉയര്‍ത്തിയിട്ടുണ്ട്. കമ്പനിയുടെ മൊത്ത നിഷ്ക്രിയ ആസ്തികള്‍ 4.61ശതമാനമായി കുറഞ്ഞിട്ടുണ്ട്. അറ്റ നിഷ്ക്രിയ ആസ്തികള്‍ 1.41 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും പ്രവര്‍ത്തന ഫലം ചൂണ്ടിക്കാട്ടുന്നു.
വിതരണം, ലാഭക്ഷമത, ആസ്തി നിലവാരം തുടങ്ങിയവയിലെ ആരോഗ്യകരമായ മുന്നേറ്റത്തോടെ കൃത്യമായ പാതയിലാണ് ബിസിനസെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ ചെയര്‍മാനും നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു.
വരും ത്രൈമാസങ്ങളിലും ഈ മുന്നേറ്റം തുടരുമെന്നാണ് പ്രതീക്ഷയെന്നും സ്വര്‍ണ പണയ വായ്പ, വസ്തു ഈടിന്മേലുള്ള വായ്പ, വ്യക്തിഗത വായ്പകള്‍ തുടങ്ങിയ മേഖലകളില്‍ വിവിധ പദ്ധതികള്‍ വിപുലമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിസ്ഥാന തലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നടപടികള്‍ മികച്ച ഫലം ലഭ്യമാക്കുന്നത് തുടരുകയാണെന്നും രണ്ടാം ത്രൈമാസത്തില്‍ വായ്പാ വിതരണം 28.1 ശതമാനം ത്രൈമാസ വളര്‍ച്ചയോടെ 2,273.9 കോടി രൂപയിലെത്തിയത് ഇതിന്‍റെ ഉദാഹരണമാണെന്നും പ്രവര്‍ത്തന ഫലങ്ങളെ കുറിച്ചു സംസാരിക്കവെ മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദാഫ് സയീദ് പറഞ്ഞു.






