
കൊച്ചി: നീല മുത്തൂറ്റ് എന്ന് പൊതുവായി അറിയപ്പെടുന്ന 138 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സെക്യൂര്‍ഡ് ആന്‍ഡ് റിഡീമബിള്‍ നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി) അവതരിപ്പിച്ചു. 1000 രൂപ വീതം മുഖവിലയുള്ള എന്‍സിഡികള്‍ 2025 ജൂലൈ 17 വ്യാഴാഴ്ച വരെ പൊതുജനങ്ങള്‍ക്കു ലഭ്യമാകും.
ട്രാന്‍ച്ച് ആറ് ഇഷ്യൂ വിതരണത്തിന്‍റെ അടിസ്ഥാന മൂല്യം 100 കോടി രൂപയാണ്. അധികമായി സമാഹരിക്കുന്ന 190 കോടി രൂപ വരെ കൈവശം വെക്കാനാവുന്ന ഗ്രീന്‍ ഷൂ ഓപ്ഷന്‍ പ്രകാരം ആകെ 290 കോടി രൂപയുടേതായിരിക്കും എന്‍സിഡി വിതരണം.
പ്രതിമാസ, വാര്‍ഷിക രീതികളിലും കാലാവധി അവസാനിക്കുമ്പോഴും ആയി പലിശ നല്‍കുന്ന വിവിധ രീതിയിലായി 24, 36, 60, 72 മാസ കാലാവധികളുള്ള എന്‍സിഡികളാണ് ട്രാന്‍ച്ച് ആറ് ഇഷ്യൂവിലുള്ളത്. പ്രതിവര്‍ഷം 9.20 മുതല്‍ 9.80 ശതമാനം വരെ ഫലപ്രദമായ വരുമാനമാണ് ഓരോ വിഭാഗങ്ങളിലായി നിക്ഷേപകര്‍ക്കു ലഭിക്കുക.
വായ്പ, ധനസഹായം, നിലവിലുള്ള വായ്പകളുടെ പലിശയും മുതലും തിരിച്ചടയ്ക്കാനും, മുന്‍കൂട്ടി അടയ്ക്കാനും പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായാണ് ഇതിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുക. ആകെ അനുവദനീയമായ 2000 കോടി രൂപയ്ക്കുള്ളില്‍ നിന്നു കൊണ്ട് 290 കോടി രൂപ സമാഹരിക്കാനാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലക്ഷ്യമിടുന്നത്.
എന്‍സിഡികള്‍ 2025 ജൂലൈ 17 വ്യാഴാഴ്ച വരെ പൊതുജനങ്ങള്‍ക്കു ലഭ്യമാകും. സെബിയുടെ നിബന്ധനകള്‍ക്ക് വിധേയമായി ഡയറക്ടര്‍ ബോര്‍ഡിന്‍റേയോ സ്റ്റോക് അലോട്ട്മെന്‍റ് കമ്മിറ്റിയുടേയോ മുന്‍കൂര്‍ അനുമതിയോടെ ഇതു നേരത്തെ അവസാനിപ്പിക്കാനും സാധിക്കും.
ക്രിസില്‍ എഎ-/സ്റ്റേബിള്‍ റേറ്റിങാണ് ഈ എന്‍സിഡികള്‍ക്കുള്ളത്. സാമ്പത്തിക ബാധ്യതകള്‍ക്ക് കൃത്യ സമയത്തു സേവനങ്ങള്‍ നല്‍കുന്നതില്‍ ഉയര്‍ന്ന തലത്തിലുള്ള സുരക്ഷ സൂചിപ്പിക്കുന്നതാണ് ക്രിസില്‍ റേറ്റിങിന്‍റെ ഈ വിലയിരുത്തല്‍. ബിഎസ്ഇയുടെ ഡെറ്റ് മാര്‍ക്കറ്റ് വിഭാഗത്തില്‍ ഈ എന്‍സിഡികള്‍ ലിസ്റ്റു ചെയ്യും.






