
ഹൈദരാബാദ്: കിടമല്‍സരം കടുക്കുന്ന ക്വിക്ക് കൊമേഴ്‌സ് വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ സെപ്‌റ്റോ. ബ്ലിങ്കിറ്റ്, സ്വിഗി തുടങ്ങിയ ശക്തര്‍ക്കൊപ്പം വളരാന്‍ ഫണ്ടിംഗ് വഴികള്‍ തേടുകയാണ് കമ്പനി.
ഏറ്റവുമൊടുവില്‍ 400 കോടി രൂപ നിക്ഷേപിക്കാന്‍ പ്രമുഖ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ മോത്തിലാല്‍ ഓസ്‌വാള്‍ മുന്നോട്ടു വന്നതോടെ സെപ്‌റ്റോയുടെ വളര്‍ച്ചാ നീക്കങ്ങള്‍ വിപണിയില്‍ ചര്‍ച്ചയാകുകയാണ്. 7.54 കോടി കണ്‍വേര്‍ട്ടിബിള്‍ പ്രിഫറന്‍സ് ഷെയറുകളാണ് മോത്തിലാല്‍ ഓസ്‌വാള്‍ സ്വന്തമാക്കുന്നത്.
ഗ്രോസറി വിപണിയില്‍ നിന്ന് പുതിയ മേഖലകളിലേക്ക് സെപ്‌റ്റോ കടക്കുകയാണ്. ഫുഡ് ഡെലിവറിയില്‍ കടുത്ത മല്‍സരം കാഴ്ചവെക്കുന്നുണ്ട്. ഫാര്‍മസി വിപണിയിലേക്കാണ് അടുത്ത കാല്‍വെപ്പ്.
മുംബൈ, ബംഗളുരു, ഡല്‍ഹി, ഹൈദരാബാദ് നഗരങ്ങളില്‍ സെപ്‌റ്റോ ഫാര്‍മസി വൈകാതെ പ്രവര്‍ത്തനം തുടങ്ങും. വളര്‍ച്ചക്കായി പുതിയ ഫണ്ടിംഗ് മേഖലകള്‍ കമ്പനി തേടുന്നുണ്ട്. 4,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4,454.5 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. 2023 നേക്കാള്‍ ഇരട്ടി വരുമാനമുണ്ടായി. 2025 ലെ വിറ്റുവരവ് 11,110 കോടി രൂപയാണ്. മാപ്‌മൈ ഇന്ത്യ ഈ മാസം ആദ്യം സെപ്‌റ്റോയില്‍ 25 കോടി രൂപ നിക്ഷേപിച്ചിരുന്നു. എല്‍സിഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് അടുത്തിടെ നടത്തിയത് 7.5 കോടി രൂപയുടെ നിക്ഷേപമാണ്.
മുബൈ ആസ്ഥാനമായി ആദിത് പലിച്ച, കൈവല്യ വോറ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച സെപ്‌റ്റോയുടെ വിപണി മൂല്യം 70,000 കോടി രൂപയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ വര്‍ഷം ഓഹരി വിപണിയില്‍ പബ്ലിക് ഇഷ്യുവിനൊരുങ്ങുന്നുണ്ട്.
വിപണിയിലെ പ്രമുഖരായ ബ്ലിങ്കിറ്റ്, സ്വിഗി, ഇന്‍സ്റ്റമാര്‍ട്ട്, ബിഗ് ബാസ്‌കറ്റ്, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയവരുമായാണ് സെപ്‌റ്റോ മല്‍സരിക്കുന്നത്.