
ന്യൂഡൽഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശക്തി ഓഹരി വിപണി ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി. നിലവിലെ ഓഹരി വിലകളില്‍ അത് പ്രതിഫലിച്ച് തുടങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ട്.
ഇന്ത്യയുടെ സാമ്പത്തിക, കോര്‍പ്പറേറ്റ് വരുമാന വളര്‍ച്ച ഏറ്റവും മികച്ച നിലയിലാണുള്ളത്. ഇനിയും വരാനിരിക്കുന്നത് മുന്നേറ്റമാണ്. എന്നാല്‍ ഈ ശക്തി ഓഹരി വിപണി ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി വ്യക്തമാക്കിയത്.
രാജ്യം അതിന്റെ വളര്‍ച്ചാ ചക്രത്തിലെ നിര്‍ണായക പോയിന്റിലാണ്. ശക്തമായ ആഭ്യന്തര ഉപഭോഗം, യുവാക്കളുടെ എണ്ണത്തിലെ വര്‍ധന, ബിസിനസിനെയും നിക്ഷേപത്തെയും പിന്തുണയ്ക്കുന്ന നയ പരിഷ്‌കാരങ്ങള്‍, അടിസ്ഥാനസൗകര്യ നിക്ഷേപം എന്നിവയെല്ലാം കരുത്താണ്. ഒപ്പം ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യ കരുത്തുറ്റ രാജ്യമായി മാറുകയാണ്.
രാജ്യത്തിന്റെ ധന നയത്തിലെ സ്ഥിരതയും നിക്ഷേപകരുടെ ആത്മവിശ്വാസം വളര്‍ത്തുന്നുണ്ട്. കൂടുതല്‍ സംരംഭകരും സ്റ്റാര്‍ട്ടപ്പുകളും ഉയര്‍ന്നുവരുന്നത് അതുകൊണ്ടാണ്. കമ്പനികള്‍ മൂലധനച്ചെലവിനായി കൂടുതല്‍ ചെലവഴിക്കുന്നു, ഇതും വളര്‍ച്ചയെ സൂചിപ്പിക്കുന്നു.
എന്നിട്ടും എമര്‍ജിങ് വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.എംഎസ്സിഐ എമേര്‍ജിംഗ് മാര്‍ക്കറ്റ്സ് സൂചിക ഈ വര്‍ഷം ഇതുവരെ 17% ഉയര്‍ന്നു.ഇതിനു വിപരീതമായി, ഇന്ത്യയുടെ നിഫ്റ്റി 50 സൂചിക 3% ല്‍ താഴെയാണ് മുന്നേറിയത്.
8 മാസത്തില്‍ 4 തവണ മാത്രമാണ് മുന്നേറ്റം കാഴ്ചവച്ചത് എന്നത് ആശ്ചര്യകരമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.