
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വ്യവസായ മുന്നേറ്റത്തിന് കൂടുതൽ കരുത്തുപകരുന്ന മൂന്ന് പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു. 2023ൽ അംഗീകരിച്ച വ്യവസായ നയത്തിന്റെ തുടർച്ചയായി വ്യത്യസ്‌ത മേഖലകളെ ഉൾക്കൊള്ളുന്ന ഉപമേഖലാ നയങ്ങളും ചട്ടക്കൂടുമാണ് വ്യവസായമന്ത്രി പി രാജീവ് പ്രഖ്യാപിച്ചത്.
കേരള കയറ്റുമതി പ്രോത്സാഹന നയം, ലോജിസ്‌റ്റിക് നയം, ഇഎസ്‌ജി (എൻവയോൺമെന്റ്, സോഷ്യൽ ആൻഡ് ഗവേണൻസ്) നയം, കേരള ഹൈടെക് വ്യവസായ ചട്ടക്കൂട് എന്നിവയാണ് പ്രഖ്യാപിച്ചത്.
ഇഎസ്‌ജി നയം രാജ്യത്താദ്യം
ഉത്തരവാദിത്വ– സുസ്ഥിര വ്യവസായ വികസനത്തിൽ ഉൗന്നുന്ന ഇഎസ്‌ജി നയം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. പരിസ്ഥിതിക്ക് ഇണങ്ങുന്നതും സമൂഹത്തെ പരിഗണിക്കുന്നതും സുതാര്യമായ ഭരണനിർവഹണം ഉറപ്പാക്കുന്നതുമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും.
ഇഎസ്‌ജി തത്വങ്ങൾ നടപ്പാക്കാൻ സംരംഭങ്ങൾക്ക് നികുതി– വായ്‌പാ ഇളവ്, സബ്‌സിഡി, സ്‌റ്റാർട്ടപ് ഇൻകുബേഷൻ, ഡിപിആർ പിന്തുണ എന്നിവ ഉറപ്പാക്കും. അഞ്ചുവർഷംകൊണ്ട് മൂലധന നിക്ഷേപത്തിന്റെ 100 ശതമാനം മടക്കിനൽകും. 2040ൽ പൂർണ പുനരുപയോഗ ഉൗർജ ഉപയോഗവും 2050ൽ കാർബൻ ന്യൂട്രാലിറ്റിയും ലക്ഷ്യമിടുന്നു. സോളാര്‍ പാര്‍ക്കുകള്‍, ഫ്ളോട്ടിങ് സോളാര്‍, കാറ്റാടിപ്പാടങ്ങള്‍, ജലവൈദ്യുത നിലയങ്ങള്‍, ബയോമാസ് പദ്ധതികള്‍ എന്നിവയില്‍ നിക്ഷേപം നടത്തും.
കേരളത്തിന്റെ കയറ്റുമതി 2027-28ഓടെ 2000 കോടി യു എസ് ഡോളറിലെത്തിക്കും(1.76 ലക്ഷം കോടി രൂപ). വൈവിധ്യവല്‍ക്കരണം, കയറ്റുമതി അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, നൈപുണ്യ വികസനം, വിപണി ഇന്റലിജന്‍സ്, ‘മെയ്ഡ് ഇന്‍ കേരള’ ബ്രാന്‍ഡ് നിര്‍മാണം എന്നിവയിലാണ് ഊന്നല്‍. ഇതിനായി സംസ്ഥാന, ജില്ലാ കയറ്റുമതി പ്രമോഷന്‍ കമ്മിറ്റികൾ, സംസ്ഥാന കയറ്റുമതി ഫെസിലിറ്റേഷന്‍ ഡെസ്‌ക് എന്നിവ രൂപീകരിക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യത കൂടി ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ മള്‍ട്ടിമോഡല്‍ ലോജിസ്‌റ്റിക്‌സ് ഹബ്ബാക്കും. സംസ്ഥാനത്ത് ലോജിസ്റ്റിക്‌സ് പാര്‍ക്കുകളുടെ ശൃംഖല സൃഷ്ടിക്കും.
ലോജിസ്റ്റിക്‌സ് ചെലവ് ജിഎസ് ഡിപിയുടെ 10 ശതമാനത്തില്‍ താഴെയാക്കും.
സാങ്കേതികവിദ്യ, ഗവേഷണ വികസനം, ബൗദ്ധിക സ്വത്തവകാശം എന്നിവയില്‍ ഊന്നിയുള്ള വിജ്ഞാനാധിഷ്‌ഠിത വ്യവസായ വല്‍ക്കരണത്തിന് കേരള ഹൈടെക് മാനുഫാക്‌ചറിങ് ചട്ടക്കൂട് ഉൗന്നൽ നൽകുന്നു. സെമികണ്ടക്ടർ, ഇലക്‌ട്രോണിക്‌സ് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്, ബയോടെക്നോളജി, ലൈഫ് സയന്‍സസ്, എയ്റോസ്‌പേസ്, നാനോ ടെക്നോളജി എന്നിവയുള്‍പ്പെടെ ആഗോള വളര്‍ച്ചാ സാധ്യതയുള്ള മേഖലകളാണ് ലക്ഷ്യം വയ്‌ക്കുന്നത്.
കൊച്ചി-പാലക്കാട്-തിരുവനന്തപുരം വ്യാവസായിക ഇടനാഴികളില്‍ ഹൈടെക് മാനുഫാക്ചറിങ് പാര്‍ക്കുകളുടെയും ഇന്നൊവേഷന്‍ ക്ലസ്റ്ററുകളുടെയും നിര്‍മാണം പരിഗണിക്കുന്നു.