
കൊച്ചി: കേരളത്തിൽ നിന്നു മലേഷ്യയിലേക്ക് ആഴ്ചയിൽ 2000ലേറെ സഞ്ചാരികൾ എത്തുന്നതിനു പുറമേ മലേഷ്യയിൽ നിന്നു കേരളത്തിലേക്കും വിനോദത്തിനും ആയുർവേദ ചികിത്സയ്ക്കും സമ്മേളനങ്ങൾക്കുമായി മലേഷ്യക്കാരുടെ വരവും വർധിക്കുന്നു.
വിദ്യാഭ്യാസം, മെഡിക്കൽ ടൂറിസം, ചെറുകിട വ്യവസായം എന്നീ മേഖലകളിൽ ബിസിനസ് ഇടപാടുകൾക്കായും മലേഷ്യക്കാർ കേരളത്തിൽ എത്തുന്നുണ്ട്. ചരിത്രപരമായി തമിഴ്നാടുമായി മലേഷ്യയ്ക്കുള്ള ബന്ധം പോലെ കേരളവുമായുള്ള ബന്ധവും വളരുകയാണെന്ന് മലേഷ്യൻ എയർലൈൻസ് ചീഫ് കമേഴ്സ്യൽ ഓഫിസർ ദെർസെനിഷ് അരിശന്തിരൻ ചൂണ്ടിക്കാട്ടി.
മലേഷ്യൻ കോർപറേറ്റ് കമ്പനികളും സമ്മേളനം ഉൾപ്പെടുന്ന മൈസ് ടൂറിസത്തിനായി കേരളത്തിലെ കൺവൻഷൻ സെന്ററുകളിലേക്കു വരുന്നുണ്ട്.
അതനുസരിച്ച് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നു മലേഷ്യയിലേക്ക് വിമാന സർവീസുകളും വർധിപ്പിക്കുകയാണ്. ജൂൺ 6 മുതൽ ആഴ്ചയിൽ 12 വിമാനങ്ങൾ കൊച്ചിയിലും തിരുവനന്തപുരത്തും നിന്നുണ്ടാവും.
7 എണ്ണം കൊച്ചിയിൽ നിന്നും 5 തിരുവനന്തപുരത്തു നിന്നും. നിലവിലുള്ള മലേഷ്യൻ എയർലൈൻസ് വിമാനങ്ങൾ നിറഞ്ഞാണു പോകുന്നത്. ഇനി ആഴ്ചയിൽ 2400 പേർക്ക് ഇങ്ങോട്ടും അങ്ങോട്ടും യാത്ര ചെയ്യാൻ കഴിയും.
ക്വാലലംപൂരിലും മലേഷ്യയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലും വിനോദത്തിനും ബിസിനസിനുമായി പോകുന്നതിനു പുറമേ ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ട്രാൻസിറ്റ് വിമാനം പിടിക്കാനുമായി അനേകർ വരുന്നുണ്ട്.
ക്വാലലംപുരിൽ നിന്ന് മലേഷ്യൻ എയർലൈൻസിന് ലോകമാകെയുള്ള നഗരങ്ങളിലേക്ക് ചെലവു കുറഞ്ഞ കണക്‌ഷൻ വിമാനം ലഭിക്കുമെന്നതാണു കാരണം.