
കൊച്ചി: പോർട്ട്ഫോളിയോ മാനേജ്മെൻ്റ് രംഗത്തെ പ്രമുഖ സേവന ദാതാക്കളിലൊന്നായ മോട്ട് ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എമേർജിങ് മോട്ട് ഫണ്ട് എന്ന പേരിൽ പുതിയ പിഎംഎസ് ഫണ്ടിന് തുടക്കമിട്ടു. വിപണിയിൽ ലഭ്യമായ പിഎംഎസ് പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി താരതമ്യേന അറിയപ്പെടാത്തതും, അതേസമയം അസാമാന്യ വളർച്ചാ സാധ്യത ഉള്ളതുമായ കമ്പനികളിലാകും എമേർജിങ് മോട്ട് ഫണ്ടിൻ്റെ നിക്ഷേപം. ഇത് നിലവിലുള്ള സാമ്പ്രദായിക നിക്ഷേപ സങ്കല്പങ്ങളെ തിരുത്തിക്കുറിക്കുന്നതാണ്. ഏത് പരിതസ്ഥിതിയിലും ഇളകാതെ നിൽക്കുന്ന കമ്പനികളുടെ ഓഹരികൾ ഉൾപ്പെടുത്തിയ പോർട്ട് ഫോളിയോ ശരാശരി വരുമാനം ഉറപ്പ് നൽകുന്നു. പലപ്പോഴും പരമ്പരാഗത നിക്ഷേപങ്ങളെക്കാൾ ഏറെ മെച്ചപ്പെട്ട ഫലവും നൽകിയേക്കാം. എന്നാൽ സമ്പദ്ഘടനയുടെ കുതിപ്പിന് ആനുപാതികമായി വിസ്മയിപ്പിക്കുന്ന ഫലം നൽകാൻ പുതിയ, വളരുന്ന മേഖലകളിലെ കമ്പനികളുടെ ഓഹരികൾക്ക് കഴിയും.
അതാതു മേഖലകളിലെ ഭാവി വികസന സാധ്യതകൾ കൂടി പരിഗണിച്ചാണ് മോട്ട് തങ്ങളുടെ പുതിയ ഫണ്ട് പോർട്ട്ഫോളിയോ തയ്യാറാക്കുന്നത്. 40 കോടിയുടെ ആസ്തിയാണ് നിലവിൽ പിഎംഎസിൽ കമ്പനി മാനേജ് ചെയ്യുന്നതെന്ന് പുതിയ ഫണ്ട് അവതരിപ്പിച്ചുകൊണ്ട് മോട്ട് ഫിനാൻഷ്യൽ സർവീസസിൻ്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ബിജു ജോൺ പറഞ്ഞു.
സൂചികകൾക്കപ്പുറം ബിസിനസിൽ നിക്ഷേപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മോട്ട് സിഇഒ ഫസൽ ഹമീദ് പറഞ്ഞു. ഇപ്പോൾ
നിഫ്റ്റിയുടെ ഉയരത്തിൽ നിൽക്കുന്ന കമ്പനികളിൽ നിക്ഷേപിക്കുന്നതിന് പകരം നാളെ നിഫ്റ്റിയുടെ ഉയരങ്ങൾ കീഴടക്കാനിരിക്കുന്ന കമ്പനികളിൽ നിക്ഷേപിക്കാനാണ് പുതിയ ഫണ്ടിലൂടെ ശ്രമിക്കുന്നതെന്ന് റിസർച്ച് അനലിസ്റ്റ് വിഭാഗത്തിന് നേതൃത്വം നൽകുന്ന രാമകൃഷ്ണൻ (രാംകി) വിശദീകരിച്ചു. ശക്തമായ ഗവേഷണ അടിത്തറ ഇതിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
എമേർജിങ് മോട്ട് പിഎംഎസിൻ്റെ ലക്ഷ്യം മധ്യ- ചെറുകിട നിരയിലെ മൾട്ടി ബാഗർ ഗണത്തിൽ വരുന്ന ഓഹരികളാണ്. നല്ല മത്സരക്ഷമതയും ദീർഘ വീക്ഷണമുള്ള നേതൃത്വവും ഉള്ള കാര്യക്ഷമതയും നല്ല കെട്ടുറപ്പുമുള്ള ചെറുകിട കമ്പനികളെ തങ്ങൾ കണ്ടെത്തുമെന്ന് മോട്ട് സ്ഥാപകനും എക്സിക്യൂട്ടിവ് ഡയറക്ടറുമായ സൂരജ് നായർ പറഞ്ഞു.
പുതു തലമുറയുടെ അഭിനിവേശങ്ങളെയും വളരാനുള്ള വ്യഗ്രതയെയും ഈ ഫണ്ട് അഭിസംബോധന ചെയ്യുന്നു.
2014 ൽ ആണ് മോട്ട് ഫിനാൻഷ്യൽ സർവീസസ് പ്രവർത്തനം തുടങ്ങിയത്. 100ൽ അധികം എച്ച്എൻഐ നിക്ഷേപകരുണ്ട്. ഒരു കോടി വീതം നിക്ഷേപിക്കുന്ന 500 പുതു തലമുറ നിക്ഷേപകരെ പുതിയ ഫണ്ടിലൂടെ മോട്ട് ലക്ഷ്യം വയ്ക്കുന്നു. 50 ലക്ഷം രൂപയാണ് പിഎംഎസിലെ മിനിമം നിക്ഷേപം.






