ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

മിനിമം ശരാശരി ബാലൻസ്: 2026ൽ ബാങ്കുകൾ പിഴയായി ഈടാക്കിയത് 7,000 കോടി രൂപ

മുംബൈ: ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ശരാശരി ബാലൻസ് (MAB) നിലനിർത്താത്ത ഉപഭോക്താക്കളിൽ നിന്ന് വൻതുക പിഴയായി ഈടാക്കി രാജ്യത്തെ പ്രമുഖ ബാങ്കുകൾ. സ്വകാര്യ മേഖലയിൽ എച്ച്‌ഡിഎഫ്‌സി ബാങ്കും ആക്‌സിസ് ബാങ്കുമാണ് പിഴ ഈടാക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. പൊതുമേഖലാ ബാങ്കുകളിൽ ബാങ്ക് ഓഫ് ബറോഡയാണ് ഏറ്റവും കൂടുതൽ തുക പിഴയായി ഈടാക്കിയത്. രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ധനകാര്യ സഹമന്ത്രി പങ്ക്ജ ചൗധരി ബാങ്കുകൾ ഈടാക്കിയ തുകയുടെ വിവരങ്ങൾ വ്യക്തമാക്കിയത്.

ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം സ്വകാര്യ ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി ബാങ്ക് 5,670 കോടി രൂപയും ആക്‌സിസ് ബാങ്ക് 3,787 കോടി രൂപയും ഐസിഐസിഐ ബാങ്ക് 1,578.29 കോടി രൂപയും കോട്ടക് മഹീന്ദ്ര ബാങ്ക് 998.41 കോടി രൂപയും പിഴയായി ഈടാക്കി. 2022-23 സാമ്പത്തിക വർഷം മുതൽ 2025-26 വരെയുള്ള കാലയളവിലെ കണക്കാണിത്.

പൊതുമേഖലാ ബാങ്കുകളുടെ 2021-22 മുതൽ 2025-26 വരെയുള്ള അഞ്ചു വർഷത്തെ കണക്കുകൾ നോക്കുമ്പോൾ ബാങ്ക് ഓഫ് ബറോഡയാണ് 2,028 കോടി രൂപയുമായി ഒന്നാം സ്ഥാനത്തുള്ളത്. പഞ്ചാബ് നാഷണൽ ബാങ്ക് 1,896 കോടി രൂപയും ഇന്ത്യൻ ബാങ്ക് 1,777 കോടി രൂപയും കനറ ബാങ്ക് 1,524.08 കോടി രൂപയും ബാങ്ക് ഓഫ് ഇന്ത്യ 816.24 കോടി രൂപയും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 1,600.77 കോടി രൂപയാണ് ഈടാക്കിയത്. എന്നാൽ എസ്ബിഐ, 2020 മാർച്ച് മുതൽ സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് പിഴ പൂർണമായും ഒഴിവാക്കിയതിനാൽ ഈ തുക കറന്റ് അക്കൗണ്ടുകളിൽ നിന്ന് ഈടാക്കിയ തുകയാണ്.

അതേസമയം, സാധാരണക്കാർക്കായി ആരംഭിച്ച പ്രധാൻ മന്ത്രി ജനധൻ യോജന (PMJDY) അക്കൗണ്ടുകൾക്കും ബിഎസ്ബിഡിഎ (BSBDA) അക്കൗണ്ടുകൾക്കും മിനിമം ബാലൻസ് വ്യവസ്ഥയോ പിഴയോ ബാധകമല്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

കൂടാതെ, ബാങ്കിങ് സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി പൊതുമേഖലയിലെ 12 ബാങ്കുകളിൽ 10 എണ്ണവും സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിനുള്ള പിഴ പൂർണ്ണമായും നിർത്തലാക്കിയിട്ടുണ്ട്.

റിസർവ് ബാങ്ക് (RBI) നിർദേശപ്രകാരം മിനിമം ബാലൻസ് കുറയുമ്പോൾ ബാങ്കുകൾ അത് എസ്‌എംഎസ്, ഇമെയിൽ അല്ലെങ്കിൽ കത്ത് വഴി ഉപഭോക്താവിനെ അറിയിക്കണം. അക്കൗണ്ടിൽ ആവശ്യമായ ബാലൻസ് ആഡ് ചെയ്യാൻ നിശ്ചിത സമയം നൽകിയ ശേഷമേ ബാങ്കുകൾക്ക് പിഴ ഈടാക്കാൻ സാധിക്കൂവെന്ന നിബന്ധനയുമുണ്ട്.

X
Top