
ബികാനേർ: വികാരഭരിതമായിരുന്നു ബികാനേറിലെ നാല്‍ വ്യോമതാവളത്തിലെ രംഗങ്ങള്‍. 62 വർഷം ഇന്ത്യൻ വ്യോമസേനയെ സേവിച്ച മിഗ്-21ന്റെ അവസാന ‘പ്രവൃത്തിദിനം. എയർ ചീഫ് മാർഷല്‍ എ.പി. സിങ് തന്നെ മിഗ്-21ന്റെ അവസാന ഔദ്യോഗിക പറക്കലില്‍ പൈലറ്റായി. നാലില്‍ ഈ മാസം 18-നും 19-നുമായിരുന്നു അത്.
”1960-കളില്‍ വ്യോമസേനയിലെത്തിയപ്പോഴേ ഒരു പടക്കുതിരയെപ്പോലെയായിരുന്നു മിഗ്-21. അത് അങ്ങനെത്തന്നെ തുടർന്നു. 1985-ലാണ് എന്റെ ആദ്യത്തെ മിഗ്-21 അനുഭവം. അന്ന് തേജ്പുരില്‍ മിഗ്ഗിന്റെ ടൈപ്പ്-77 ഞാൻ പറത്തി. പറപ്പിക്കാൻ സുഖമുള്ള ഗംഭീരവിമാനമാണത്. അതു പറത്തിയവർക്കെല്ലാം മിഗിന്റെ നഷ്ടം അനുഭവപ്പെടും” -സിങ് പറഞ്ഞു.
വ്യോമസേനാ വക്താവ് വിങ് കമാൻഡർ ജയ്ദീപ് സിങ് യുദ്ധമുന്നണിയില്‍ മിഗ്-21 നല്‍കിയ ചരിത്രസംഭാവനകള്‍ അനുസ്മരിച്ചു. ‘1965-ലെയും ’71-ലെയും യുദ്ധത്തില്‍ തിളങ്ങുന്നപ്രകടനമാണ് ആ വിമാനം നടത്തിയത്.
1999-ല്‍ കാർഗിലില്‍ മിഗിന്റെ പ്രകടനം നാം കണ്ടു. ഇന്ത്യയില്‍ കടന്നുകയറിയ പാക് അറ്റ്ലാന്റിക് വിമാനം അതു വെടിവെച്ചിട്ടു. 2019-ല്‍ എഫ്-16നെ വീഴ്ത്തി വാർത്തകളില്‍ നിറഞ്ഞു.”
36 മിഗ് വിമാനങ്ങളാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. സെപ്റ്റംബർ 26-ന് ചണ്ഡീഗഢില്‍നടക്കുന്ന ചടങ്ങില്‍ അവയ്ക്ക് സേന ഔദ്യോഗിക യാത്രയയപ്പു നല്‍കും. റഷ്യൻനിർമിത മിഗിന്റെ സ്ഥാനം ഇന്ത്യ സ്വന്തമായി വികസിപ്പിച്ച തേജസ് ഏറ്റെടുക്കും.