
തിരുവനന്തപുരം: മെഡിസെപിന്റെ ഒന്നാം ഘട്ട പദ്ധതി പൂർത്തിയായിരിക്കുന്ന വേളയിൽ കൂടുതൽ പാക്കേജുകളും ആശുപത്രികളെയും ഉൾപ്പെടുത്തി മെഡിസെപ് 2.0 ഫെബ്രുവരി ഒന്നു മുതൽ നിലവിൽ വരുമെന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്നവർക്കും വിരമിച്ചവർക്കുമായി മെഡിസെപ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി ആവിഷ്‌കരിക്കും. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്നവർക്കും വിരമിച്ചവർക്കുമായി മെഡിസെപ് മാതൃകയിൽ ഒരു ഇൻഷുറൻസ് പദ്ധതി കൊണ്ടുവരുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
അസംഘടിത തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപകട ലൈഫ് ഇൻഷുറൻസ് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ഇൻഷുറൻസ് വകുപ്പുമായി ചേർന്ന് ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. ഇതിന് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായം ഉണ്ടാകും.
സംസ്ഥാനത്തെ ഹരിത കർമ സേനാംഗങ്ങൾ, ഓട്ടോ ടാക്‌സി തൊഴിലാളികൾ, ക്ഷേമനിധി അംഗങ്ങളായ ലോട്ടറി തൊഴിലാളികൾ എന്നിവർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി നിയമസഭയിൽ ബജറ്റ പ്രസംഗത്തിൽ പ്രഖ്യാപിച്ചു.





