
മുംബൈ: ലോകത്തിലെ എണ്ണം പറഞ്ഞ ആഡംബര വാഹന നിര്മാതാക്കളും സ്പോര്സ് കാർ കമ്പനികളുമെല്ലാം മികച്ച വിപണികളുടെ പട്ടികയിൽ ഇന്ത്യയേയും ഉള്പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ തുടര്ച്ചയെന്നോണം നിരവധി ആഡംബര വാഹനങ്ങളാണ് ഇന്ത്യയില് എത്തിയിട്ടുള്ളത്.
ഈ ട്രെന്ഡിന്റെ ഭാഗമായി പുതിയ മോഡലുകള് ഇന്ത്യന് വിപണിയില് എത്തിക്കാനുള്ള നീക്കത്തിലാണ് ഇറ്റാലിയന് ആഡംബര വാഹന നിര്മാതാക്കളായ മസെരാറ്റിയും. രണ്ട് മോഡലുകളാണ് അടുത്ത വര്ഷം ഇവര് ഇന്ത്യയില് എത്തിക്കുന്നത്.
മസെരാറ്റിയുടെ ഗ്രാന്റ് ടൂറിസ്മോ മോഡലായിരിക്കും ആദ്യം ഇന്ത്യയില് എത്തിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ജൂണ് മാസത്തിനുള്ളില് ഗ്രാന്റ് ടൂറിസ്മോ അവതരിപ്പിക്കും. കഴിഞ്ഞ വര്ഷം ഒക്ടോബറില് മസെരാറ്റി പ്രദര്ശിപ്പിച്ച മോഡലാണ് 2024-ല് ഇന്ത്യന് വിപണിയില് എത്തിക്കുന്നതെന്നാണ് വിലയിരുത്തല്.
ഈ മോഡലിന്റെ ഇലക്ട്രിക് പതിപ്പായ ഗ്രാന്റ് ടൂറിസ്മോ ഫോള്ഗോര് വേരിയന്റും ഇന്ത്യന് വിപണിക്കായി ഒരുങ്ങുന്നുണ്ട്. എന്നാല്, ഈ മോഡല് ഡിസംബര് മാസത്തോടെയായിരിക്കും വിപണിയില് എത്തുകയെന്നാണ് വിവരം.
മസെരാറ്റിയുടെ സൂപ്പര്കാര് മോഡലായ എം.സി.20-യില് നിന്ന് പ്രചോദനം ഉള്ക്കൊണ്ട ഡിസൈനിലാണ് ഗ്രാന്റ് ടൂറിസ്മോ ഒരുങ്ങിയിരിക്കുന്നത്. ബ്ലാക്ക് ഫിനീഷിങ്ങില് മസെരാറ്റിയുടെ സിഗ്നേച്ചര് ഗ്രില്ലും ലോഗോയുമാണ് ഈ വാഹനത്തിലുമുള്ളത്.
നീളം കൂടിയ ബോണറ്റ്, എല്.ഇ.ഡിയില് ഒരുങ്ങിയിട്ടുള്ള ചെറിയ ഹെഡ്ലാമ്പ് യൂണിറ്റ്, ത്രീ സ്പോക്ക് അലോയി വീല്, ടൂ ഡോര് കൂപ്പെ ഡിസൈന് തുടങ്ങിയവയാണ് ഈ വാഹനത്തിന് സ്പോര്ട്ടി ഭാവം പകരുന്നത്.
സ്പോര്ട്ടി ഭാവം അകത്തളത്തിലേക്കും നീളുന്നുണ്ട്. വലിയ ടച്ച് സ്ക്രീന് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, ത്രീ സ്പോക്ക് ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്, ഡിജിറ്റന് ഇന്സ്ട്രുമെന്റ് ക്ലെസ്റ്റര് എന്നിവയാണ് ഇന്റീരിയറിലെ ഹൈലൈറ്റുകള്.
3.0 ലിറ്റര് ട്വിന് ടര്ബോ വി6 എന്ജിനാണ് ഗ്രാന്റ് ടൂറിസ്മോയില് നല്കിയിട്ടുള്ളത്. ഇത് 483 ബി.എച്ച്.പി. പവറും 600 എന്.എം. ടോര്ക്കുമാണ് നല്കുന്നത്. 302 കിലോമീറ്റര് പരമാവധി വേഗതയെടുക്കുന്ന ഈ വാഹനം 3.9 സെക്കന്റില് 100 കിലോമീറ്റര് വേഗത കൈവരിക്കും.
ഗ്രാന്റ് ടൂറിസ്മോയുടെ ഇലക്ട്രിക് വകഭേദമായ ഫോള്ഗോറും കരുത്തുറ്റ വാഹനമാണ്. മുന്നിലെ ആക്സിലില് ഒന്നും പിന്നില് രണ്ടും വീതം മൂന്ന് ഇലക്ട്രിക് മോട്ടോറുകളാണ് ഫോള്ഗോറിന് കരുത്തേകുന്നത്.
751 ബി.എച്ച്.പി. പവറും 1350 എന്.എം. ടോര്ക്കുമാണ് ഇവ ഉത്പാദിപ്പിക്കുന്നത്. 92.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്ക് 450 കിലോമീറ്റര് റേഞ്ചും ഉറപ്പാക്കും.
കേവലം 2.7 സെക്കന്റില് പൂജ്യത്തില് നിന്ന് 100 കിലോമീറ്റര് വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 325 കിലോമീറ്ററാണ്.






